രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ യുടെ ഫേസ് ബുക്ക് പോസ്റ്റ്.രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനു മുന്‍പില്‍ തെറ്റുകാരന്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും ശ്രീന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഗൂഢാലോചന അന്വേഷണവിധേയമാക്കേണ്ടതാണ്.പരാതിക്കാരെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പരാതിക്കാരെ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണം. നിരപരാധികളെ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും ശ്രീന ദേവി ഫേസ്ബുക്കിൽ കുറിച്ചു.പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട് നില്‍ക്കുന്ന പ്രദേശത്തെ ജനപ്രതിനിധിയായായ ശ്രീനാ ദേവിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ ചേർക്കുന്നു.
“ഒരു പ്രമുഖ ചാനലിനോടും മാധ്യമ സുഹൃത്തുക്കളോടും പറയാനുള്ളത്.
ഞാന്‍ ശ്രീനാദേവി, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ്. പാലക്കാട് MLA രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരുള്ള വീട് നില്‍ക്കുന്ന പ്രദേശത്തെ ജനപ്രതിനിധിയുമാണ്.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ചാനലിലെ വനിതാ റിപ്പോട്ടർ എന്നെ ഫോണിൽ വിളിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലില്‍ നിന്നും എനിക്ക് നേരിട്ട ദുരനുഭവം പത്തനംതിട്ടയിലെ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞ് അറിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് വിളിച്ചത്. ആരാണിത് പറഞ്ഞത് എന്ന് ചോദിച്ച എന്നോട് “പേടിക്കണ്ട, മൊത്തത്തിൽ എല്ലാരും, എല്ലാ മാധ്യമപ്രവർത്തകരും ഒന്നും അറിഞ്ഞിട്ടില്ല” എന്ന് എന്നെ സമാധാനപ്പെടുത്തികൊണ്ടുള്ള സംസാരം തുടരുകയായിരുന്നു. ഞാൻ രാഹുലിനെതിരെ പരാതി കൊടുത്തിട്ടുണ്ട് എന്നും കേട്ടതായി പറഞ്ഞു. പരാതിയുള്ളത് ഞങ്ങളോട് പറഞ്ഞാൽ മതി എന്നും.
എന്നോട് ഏറെ സൗഹൃദത്തോടെ അത്രയും നേരം സംസാരിച്ച മാധ്യമപ്രവര്‍ത്തകയോടുള്ള സ്നേഹം നിലനിര്‍ത്തിക്കൊണ്ട് ആ പ്രമുഖ ചാനലിനോടാണ് :
എന്ത് തോന്നുന്നു നിങ്ങൾക്ക് ഇത്തരം മാധ്യമപ്രവർത്തനത്തെക്കുറിച്ച്..?
എനിക്ക് യാതൊരു പരാതിയും ഉന്നയിക്കാൻ ഇല്ലാതിരിക്കെ, കേട്ടുകേൾവി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പരാതി ഉണ്ടോ എന്നും ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന ശൈലിയല്ല.
സാങ്കല്പിക ഇരകളെ സൃഷ്ടിച്ച് അവർക്ക് പിന്നാലെ ഇരയെന്നു കേൾക്കുന്നു, നിങ്ങൾ ഇരയാണ്, ഞങ്ങൾ സംരക്ഷകരാണ് എന്ന് പറയുന്ന നിങ്ങള്‍ ഇരകളെ തേടുന്ന Predator ആയി മാറരുത്. 24×7 വാർത്തകൾ നിറയ്ക്കാൻ ശ്രമിക്കുമ്പോള്‍ മനുഷ്യമനസ്സുകളുടെ മജ്ജയും മാംസവും തിന്നുന്ന മാധ്യമ Psychopath കളായി പരിണമിക്കാതിരിക്കാന്‍ ശ്രമിക്കണം.
നിങ്ങൾക്ക് ആരാണ് ഇങ്ങനെ ഒരു ഉത്തരവാദിത്തം നൽകിയത്?
പെൺകുട്ടികളുടെ പിന്നാലെ നടന്ന് നിങ്ങൾക്ക് ദുരനുഭവം ഉണ്ടായില്ലേ എന്ന ചോദ്യമുയർത്തി ശല്യം ചെയ്യുന്ന, സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ പ്രമുഖ ചാനലിനെതിരെ പോലിസ് കേസെടുക്കണം.
‘കല്ല് കൊത്താനുണ്ടോ കല്ല്’ എന്ന് ഉറക്കെ വിളിച്ചു നടക്കുന്നവരെപ്പോലെ നിങ്ങൾ പരാതിക്കാരെ സൃഷ്ടിച്ചെടുക്കാനും തപ്പിയിറങ്ങാനും ഈ കാട്ടുന്ന വ്യഗ്രതയിൽ നിങ്ങൾ കൊത്തിയെടുക്കുന്ന ദുരാരോപണങ്ങളുടെ കല്‍ക്കൂട്ടങ്ങളില്‍ പാകപ്പിഴകള്‍ ഉണ്ടാകരുത്. നിയമത്തിനു മുന്നിലെ തെറ്റുകാർ ആരാണെങ്കിലും ശിക്ഷിക്കപ്പെടും. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനുമുന്‍പില്‍ തെറ്റുകാരന്‍ ആണെങ്കില്‍, ശിക്ഷിക്കപ്പെടട്ടെ.
പ്രമുഖ ചാനലിനുള്ള ഈ ‘സ്ത്രീ സംരക്ഷണ അജണ്ട’ ഒരു മാധ്യമപ്രവർത്തക sexual harassment നേരിടേണ്ടി വന്നപ്പോള്‍ നിശബ്ദത പാലിച്ചു. അത് നിങ്ങളുടെ അന്വേഷണത്തില്‍പ്പെടേണ്ടതല്ലേ?
എന്റെ പിന്നാലെ വന്ന നേരത്ത്, പ്രമുഖ ചാനലിന്:ആ മാധ്യമപ്രവർത്തകയെ ചേർത്തുപിടിച്ച് ‘ഞങ്ങളുണ്ട് കൂടെ’ എന്ന് പറയാമായിരുന്നില്ലേ?
ഒരു പരാതി നൽകാൻ പിന്തുണയ്ക്കാമായിരുന്നില്ലേ?
ആരോപണവിധേയനെ മാധ്യമവിചാരണ ചെയ്യാമായിരുന്നില്ലേ?
ഒരു ഫേസ്ബുക് പോസ്റ്റിലൂടെ അല്ലാതെ നേരിട്ട ദുരനുഭവം ഉറക്കെ പറയുവാൻ കരുത്തു നൽകാമായിരുന്നില്ലേ?
നിയമനീതി വ്യവസ്ഥകളെ കാറ്റിൽപറത്താൻ തക്ക ത്രാണിയുള്ള നിങ്ങളുടെ മാധ്യമ കണ്ണിൽപ്പൊടികാറ്റ് ആഞ്ഞുവീശാമായിരുന്നില്ലേ?
എന്റെ പിന്നാലെ വന്ന നേരത്തിന്റെ നാമമാത്രം സമയം മതിയായിരുന്നുവല്ലോ, ആ ഉമ്മറപ്പടികടന്ന പെൺകുട്ടിയെ ചേർത്ത് പിടിക്കാൻ..?
നാട്ടിലെ എല്ലാരുടെയും പിന്നാലെ ഓടികുഴയുന്ന ഈ പ്രമുഖ ചാനല്‍ വല്ലപ്പോഴും സ്വന്തം അകത്തളങ്ങൾ ഒന്ന് തൂത്തു വൃത്തിയാക്കുന്നത് നല്ലതാണ്.
അനീതിയുടെ കോഴിപ്പങ്ക് പറ്റി സഹപ്രവർത്തകയുടെ അഭിമാനത്തിന് വില പറഞ്ഞവർക്ക് ഒരു “ബ്രേക്കിങ് ന്യൂസ്” ഇല്ലാതെ, 24×7 സ്ക്രോളിങ് ന്യൂസ് ഇല്ലാതെ കാട്ടുന്ന ഈ ‘Pseudo സ്ത്രീ സംരക്ഷണ ത്വര’ ചില മാധ്യമങ്ങളുടെ കാപട്യം തുറന്നുകാട്ടുന്നതാണ്.
ഈ പ്രമുഖ ചാനല്‍ എന്നോട് കാട്ടിയ ഈ “കെയർ ഏട്ടൻ” സ്നേഹം ആ ഓഫീസ് മുറിയിലെ 4 ചുവരുകൾക്കുള്ളിൽ നിന്നും തുടങ്ങട്ടെ.
“എല്ലാരും അറിഞ്ഞു എന്ന് വിഷമിക്കേണ്ട” എന്ന് എന്നെ ആശ്വസിപ്പിച്ചപ്പോള്‍,
എനിക്ക് ദുരനുഭവം ഉണ്ടായി എന്ന് എന്നോട് പറഞ്ഞപ്പോൾ,എന്റെ അഭിമാനത്തിനേറ്റ മുറിവ് നിങ്ങളുടെ മഞ്ഞപത്രത്തിൽ പൊതിഞ്ഞാൽ ഉണങ്ങുകയില്ല.
ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഗൂഢാലോചന അന്വേഷണവിധേയമാക്കേണ്ടതാണ്. Genuine പരാതി ഉള്ളവര്‍ മുന്നോട്ട് വരട്ടെ, വാർത്തകൾ സൃഷ്ടിക്കട്ടെ. അതല്ലാതെ ഓരോ വ്യക്തിയേയും അന്വേഷിച്ചു പരാതി ഉണ്ടോ എന്ന് ചോദിക്കുന്ന മാധ്യമപ്രവർത്തന രീതി ശരിയായി തോന്നുന്നില്ല. പരാതിക്കാരെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പരാതിക്കാരെ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണം.
നിരപരാധികളെ അപമാനിക്കാന്‍ ശ്രമിക്കരുത്.ഇത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനശൈലി പിന്തുണച്ചാൽ നാളെ ഇവർ സൃഷ്ടിക്കുന്ന രാഷ്ട്രീയ-വ്യക്തിതാല്പര്യ അജണ്ടകൾക്ക് നമ്മുടെ ഓരോരുത്തരുടെയും വേണ്ടപ്പെട്ടവരും വേട്ടയാടപ്പെടും. പരാതിക്കാരെ സൃഷ്ടിച്ചെടുക്കാനുള്ള ഈ ക്രിമിനൽ നെട്ടോട്ടം മാധ്യമധർമ്മമല്ല, മര്യാദയല്ല.