വെള്ളത്തിലാശാൻ വീയപുരം ;നടുഭാഗം രണ്ടാം സ്ഥാനത്ത്;മൂന്നാം സ്ഥാനം മേൽപ്പാടം

പുന്നമടക്കായലിൽ നടന്ന വാശിയേറിയ 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ വെള്ളത്തിലാശനായി വീയപുരം ജലരാജാവായി. വില്ലേജ് ബോട്ട് ക്ളബ് കൈനകരിയാണ് വീയപുരത്തെ സ്പോൺസർ ചെയ്‌തത്‌ .കഴിഞ്ഞ വർഷത്തെ പരാജയത്തിനു മധുരമായ പ്രതികാരമായിരുന്നു വീയപുരത്തിന്റെ അത്യുജ്ജല ജയം.നാലാം ട്രാക്കിലാണ് വീയപുരം മത്സരിച്ചത്.

ഒന്നാം ട്രാക്കിൽ മേൽപ്പാടം(പിബിസി പള്ളാതുരുത്തി), രണ്ടാം ട്രാക്കിൽ നിരണം(നിരണം ബോട്ട് ക്ലബ്), മൂന്നാം ട്രാക്കിൽ നടുഭാ​ഗം( പുന്നമട ബോട്ട് ക്ലബ്), നാലാം ട്രാക്കിൽ വീയപുരം (വിബിസി കൈനകരി) എന്നിവർ അണിനിരന്ന ഫൈനൽ ലൈനപ്പിൽ നിന്ന് വീയപുരം വിജയം സ്വന്തമാക്കിയത്.

കഴിഞ്ഞ തവണ ഒപ്പത്തിനൊപ്പമെത്തിയ വീയപുരത്തിന് ഇത് രണ്ടാം വിജയമാണ്. 2023ലാണ് വീയപുരം ഇതിന് മുമ്പ് ജലരാജാവായത്. നാലാം ട്രാക്കിലാണ് വി ബി സിയുടെ വീയപുരം ചുണ്ടൻ തുഴയെറിഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബിൻ്റെ ചുണ്ടനായ നടുഭാഗമാണ് രണ്ടാം സ്ഥാനത്ത്.മൂന്നാം സ്ഥാനം മേൽപ്പാടം;നാലാം സ്ഥാനം പത്തനംതിട്ടയിലെ നിരണവും.

നേരത്തെ ആറ് ഹീറ്റ്സുകളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ ഏറ്റവും മികച്ച സമയം നേടിയ നാലു ടീമുകളാണ് ഫൈനലിൽ മത്സരത്തിന് യോഗ്യത നേടിയത്. ലൂസേഴ്സ് ഫൈനലിൽ തലവടി, പായിപ്പാടൻ, കാരിച്ചാൽ, നടുവിലെ പറമ്പൻ എന്നിവരാണ് ഫൈനലിലെത്തിയത്.

ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ ചെറുതന പുത്തൻചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്)സെക്കന്റ് ലൂസേഴ്‌സ് ഫൈനൽ വിജയിയായി. തേർഡ് ലൂസേഴ്‌സ് ഫൈനൽ വിജയി സെൻറ് ജോർജ് (ഗാഗുൽത്ത ബോട്ട് ക്ലബ്) ചുണ്ടനാണ്.