യുഎസ് പ്രഖ്യാപിച്ച ഉയർന്ന താരിഫുകൾ മൂലം കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡിന്റെ (കെജിഎൽ) ഓഹരികൾക്ക് വലിയ തിരിച്ചടിയായി. ഒറ്റ ദിവസം കൊണ്ട് ഏകദേശം 5 ശതമാനം അഥവാ 9.5 രൂപ മൂല്യമാണ് കിറ്റെക്സിനു നഷ്ടപ്പെട്ടത്. അതോടെ വിപണി മൂലധനം 3,600 കോടി രൂപയായി കുറഞ്ഞു.
യുഎസിന്റെ ഈ അപ്രതീക്ഷിത നീക്കം ഗ്രൂപ്പിന്റെ അഭിലാഷമായ പുതിയ പദ്ധതികളെ പാളം തെറ്റിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കിറ്റെക്സ് അപ്പാരൽസ് പാർക്കിന് (കെഎപിഎൽ) കീഴിൽ രണ്ട് ഘട്ടങ്ങളിലായി തെലങ്കാനയിൽ സംയോജിത ടെക്സ്റ്റൈൽ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള പ്രക്രിയയിലാണ് ഇപ്പോൾ കിറ്റെക്സ്. പ്രാരംഭ ചെലവ് 2,890 കോടി രൂപ.

അമേരിക്ക താരിഫ് വർധിപ്പിച്ചതോടെ ആന്ധ്രാ പ്രദേശിൽ തല്ക്കാലം നിക്ഷേപം നടത്തുന്നില്ലെന്ന് കിറ്റെക്സ് തീരുമാനിച്ചതായാണ് അറിയാൻ കഴിഞ്ഞത്.
ടേം ലോണുകളുടെയും പ്രൊമോട്ടർ സംഭാവനകളുടെയും 70:30 അനുപാതത്തിലുള്ള മിശ്രിതത്തിലൂടെയാണ് കിറ്റെക്സിന്റെ പദ്ധതിക്ക് ധനസഹായം ലഭിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഏകദേശം 2,000 കോടി രൂപയുടെ വായ്പകൾ സ്വീകരിക്കുന്നു.

അമേരിക്കയുടെ താരിഫ് വർധന കിറ്റെക്സിന്റെ അഭിലാഷ പദ്ധതിയിൽ ഇരുണ്ട നിഴൽ വീഴ്ത്തുമെന്നാണ് പറയപ്പെടുന്നത്. ടോപ്പ് ലൈനിലേക്ക് ഏകദേശം 90 ശതമാനം സംഭാവന ചെയ്യുന്ന കിറ്റെക്സിന്റെ ഏറ്റവും വലിയ വിപണിയാണ് യുഎസ്.താരിഫ് വർധനയോടെ അത്കിറ്റെക്സിനു മാത്രമല്ല, ഈ മേഖലയിലെ എല്ലാ പങ്കാളികൾക്കും ഒരു പ്രശ്നം സൃഷ്ടിക്കും.
യുഎസിന്റെ താരിഫ് വർധന മൂലം അനിശ്ചിതത്വത്തിന് മറുപടിയായി കിറ്റെക്‌സ് യുഎസിൽ നിന്ന് മാറി , യുകെ, യൂറോപ്യൻ യൂണിയൻ അടക്കമുള്ള രാജ്യങ്ങളിലേക്ക് തങ്ങളുടെ വിപണി വൈവിധ്യവത്കരിക്കാൻ കിറ്റെക്‌സ് ശ്രമിക്കുന്നുണ്ട് .ഒപ്പം ആഭ്യന്തര വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും കമ്പനി നോക്കുന്നുണ്ട് .