രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി പ്രവർത്തകരായ വനിതകളെയും വെറുതെ വിട്ടിരുന്നില്ല.അദ്ദേഹത്തിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സെക്രട്ടറിയുടെ ശബ്ദ സന്ദേശം.
ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിന്റേതാണ് സന്ദേശം. തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർക്ക് രാഹുൽ മെസേജ് അയച്ചുവെന്നും അവർ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു പോയെന്നും ജില്ലാ സെക്രട്ടറി പറയുന്നു.

തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ല. ന്യായീകരിക്കാൻ നമുക്ക് സമയവുമില്ലെന്നും ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിൽ വിമർശിച്ചു. ജില്ലാ ഭാരവാഹികളിൽ 70% പേർക്കും പരിചയമുള്ള പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്ന് ജില്ല വൈസ് പ്രസിഡൻറ് ചെറിയാൻ ജോർജും വിമർശിച്ചു. ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മൾ ചുമക്കുന്നത് എന്നുമാണ് ഗ്രൂപ്പിൽ ഉയരുന്ന വിമർശനം.

അതേസമയം, രാഹുലിന്‍റെ രാജിക്കായി സമ്മർദം മുറുകയാണ്. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികൾ വന്നേക്കുമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചു.അതേസമയം ഷാഫി പറമ്പിൽ രാഹുലിനെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
