തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതിനു കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട മാളിന്റെ തുടര്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിയാത്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ആള്‍ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണ്.

സ്ഥലം ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയപ്പോഴേ ലുലുവിനെതിരെ കേസുമായി എത്തുകയായിരുന്നു. രണ്ടരവര്‍ഷമായി കേസ് നടക്കുന്നു. ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും യൂസഫലി പറഞ്ഞു.അതേസമയം തടസം നിൽക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല .
3,000 പേര്‍ക്ക് ജോലി കിട്ടേണ്ട വലിയ പദ്ധതിയായിരുന്നു തൃശൂര്‍ ലുലു മാള്‍. തടസ്സം മാറിയാല്‍ നിര്‍മാണം പുനരാരംഭിക്കും. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ടു കൊണ്ടുപോകാന്‍ പലതരത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും യൂസഫലി പറഞ്ഞു. തൃശൂര്‍ ചിയ്യാരത്ത് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുപാട് ബിസിനസുകാരുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമാണ് തൃശൂര്‍. കേരളത്തിലെ എല്ലാ അറിയപ്പെടുന്ന ബിസിനസുകാരും തൃശൂരിന്റെ സംഭാവനയാണെന്നും പുതിയ തലമുറയ്ക്കായി തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കരുതിവയ്ക്കുന്ന സാംസ്‌കാരിക, പ്രൊഫഷണല്‍പരമായ മികവ് എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസും വളര്‍ച്ചയുമായി മുന്നേറുമ്പോഴും മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സദസിലിരിക്കുന്ന കുട്ടികളോടായി പറഞ്ഞു.

ടിഎംഎ പ്രസിഡന്റ് സി. പത്മകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ പി.വി നന്ദകുമാര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോള്‍ തോമസ്, ടി.എസ് അനന്തരാമന്‍, വി വേണുഗോപാല്‍, ടി.എസ് അനന്തരാമന്‍, സിജോ പോന്നോര്‍, പി.കെ ഷാജി എന്നിവര്‍ പ്രസംഗിച്ചു.
