ഉപഭോക്താക്കള്‍ക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്ന ഹൈക്കോടതി ഉത്തരവ് ഹൈക്കോടതി തന്നെ തിരുത്തി.ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കരുതെന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ്.

ദേശീയ പാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ മാത്രമേ ഉപയോഗം തടയാവുവെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, പെട്രോള്‍ പമ്പിലെ ശുചിമുറികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ബോര്‍ഡ് വെക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

ഉപഭോക്താക്കള്‍ക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദഗതി വരുത്തിയത്. പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ നല്‍കിയ റിട്ട് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്.