കന്യാസ്ത്രീകളുടെ മോചനം ;നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ.

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിച്ച വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിനു നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ.

വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ഭാഗമായ പ്രതിനിധികളാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ചത്.

വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ ആക്ട്‌സിന്റെ പ്രതിനിധികളാണ് ബിജെപി സംസ്ഥാനാധ്യക്ഷനെ കണ്ട് നന്ദി പറഞ്ഞത്.ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അതിരൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മോര്‍ സില്‍വാനിയോസ്, ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ട്രഷറര്‍ സാജന്‍ വേളൂര്‍ (മാര്‍ത്തോമാ സഭ), റവ. ഷെറിന്‍ ദാസ് (സിഎസ്‌ഐ), ഡെന്നിസ് ജേക്കബ് (കെഎംഎഫ് പെന്തകോസ്ത് ചര്‍ച്ച്),ലെഫ്. കേണല്‍ സാജു ദാനിയല്‍, ലെഫ്. കേണല്‍ സ്‌നേഹ ദീപം (സാല്‍വേഷന്‍ ആര്‍മി ), റവ. ബി.ടി. വറുഗീസ്, റവ. യേശുദാസന്‍ എന്നിവരാണ് മാരാര്‍ജി ഭവന്‍ സന്ദര്‍ശിച്ചത്.

മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടത്തിയെന്ന കേസില്‍ കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരാണ് ഛത്തീസ്ഗഡില്‍ അറസ്റ്റിലായത്. ഒന്‍പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കന്യാസ്ത്രീകള്‍ക്ക് ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത് .കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയം രാഷ്‌ട്രീയവത്കരിച്ച് ബി ജെ പിക്കെതിരെ ക്രൈസ്തവരെ തിരിച്ചു വിടാനാണ് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും സി പി എമ്മും ശ്രമിച്ചത്. ഇത് മൂലം കന്യാസ്ത്രീകളുടെ മോചനം വൈകി.

അതേ സമയം, ജാമ്യത്തിൽ പുറത്തിറങ്ങിയ കന്യാസ്ത്രീകൾ നിലവിൽ ഡൽഹിയിൽ രാജാറയിലുള്ള മഠത്തിലാണ് ഉള്ളത്. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ആയിരിക്കും നടക്കുക. ഇവർക്കെതിരെയുള്ള കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷം എടുക്കും. ഇക്കാര്യത്തിൽ സഭ നിയമ വിദഗ്ധരുമായി അടക്കം ചർച്ച നടത്തും.

കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച് പാർലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതിനിടെ ബജറങ് ദൽ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ ഓൺലൈനായി ദുർഗ്ഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നേരത്തെ നാരായൺപൂർ സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിച്ചിരുന്നില്ല.