കേരള പൊലീസിലെ വനിത നീന്തൽ താരമായ മരിയ ജെ പടയാട്ടി ഒരു നാടിന്റെ ആവേശവും അഭിമാനവുമായി.എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ തൂയിത്തറ സ്വദേശിനിയാണ് ഈ പെൺകുട്ടി.

2025 ജൂൺ 30 മുതൽ ജൂലൈ ആറുവരെ അമേരിക്കയിലെ അലബാമയിൽ നടന്ന ലോക പോലീസ് ആൻഡ് ഫയർ ഗെയിമ്സിൽ മരിയ ഭാരതത്തിനു വേണ്ടി മൊത്തം എട്ടു മെഡലുകളാണ് നീന്തൽ കുളത്തിൽ വാരിക്കൂട്ടിയത്..അതിൽ മൂന്നു സ്വർണവും മൂന്നു വെള്ളിയും രണ്ട് വെങ്കലവും.അങ്ങനെ ഭാരതത്തിന്റെയും കേരള പോലീസിന്റെയും മിന്നും താരമായി മാറിയിരിക്കുകയാണ് മരിയ പടയാട്ടി.ഒപ്പം ഭാവി താരവും.

കേരള പോലീസിൽ ഹവിൽദാറായി ജോലി ചെയ്യുന്ന മരിയയുടെ സഹോദരിമായ ജൂലിയും ലിയയും നീന്തൽ താരങ്ങളാണ്. തൂയിത്തറ പടയാട്ടി വീട്ടിൽ ജോസഫിന്റെയും ലാലിയുടെയും ഇളയ മകളാണ് മരിയ .മൂന്നു പെൺമക്കളെയും ഈ മാതാപിതാക്കൾ നീന്തൽ താരങ്ങളാക്കി എന്നതാണ് സവിശേഷത.
സ്‌കൂൾ -കോളേജ് കാലം മുതൽ നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടിയ നീന്തൽ താരമാണ് മരിയ ജെ പടയാട്ടി.അമേരിക്കയിൽ നിന്നും മികച്ച നേട്ടം കൈവരിക്കുന്നതിന് മൂന്ന് മാസങ്ങൾക്ക് മുമ്പ് മാർച്ച് മാസം ഗുജറാത്തിലെ ഗാന്ധി നഗറിൽ നടന്ന നാഷണൽ പോലീസ് അക്വട്ടിക് ഗെയ്‌മ്സിൽ ഏഴു സ്വർണ്ണം അടക്കം പത്ത് മെഡലുകൾ ലഭിച്ചു .

പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലാണ് ഭാരതത്തിനു അഭിമാനമായ മരിയ ജെ പടയാട്ടിയുടെ ജന്മദേശം.
ഇന്നലെ ( 03 -08 -2025 ) ജന്മദേശമായ തൂയിത്തറ പൗരാവലി മരിയയ്ക്ക് വമ്പൻ സ്വീകരണമാണ് നൽകിയത്.തൂയിത്തറയുടെ ആദരം പ്രതിപക്ഷ നേതാവ് പൊന്നാടയണിച്ചും പുരസ്‌കാരങ്ങൾ നൽകിയും സമർപ്പിച്ചു .ചടങ്ങിൽ മരിയയുടെ മാതാപിതാക്കളെയും ആദരിച്ചു .
അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തരമായ കഠിനാധ്വാനത്തിലൂടെ,നിശ്ചയ ദാർഢ്യത്തിലൂടെയാണ് ഈ നേട്ടങ്ങൾ കൈവരിക്കുവാൻ മരിയയ്ക്ക് കഴിഞ്ഞതെന്ന് വി ഡി സതീശൻ പറഞ്ഞു. ,ലക്ഷ്യബോധമാണ് അതിനു പിന്നിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മരിയയുടെ മാതാപിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു .

ചെറിയ പല്ലം തുരുത്ത് അനുഗ്രഹ ഓഡിറ്റോറിയത്തിൽ ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി പ്രേംകുമാറിന്റെ സാന്നിധ്യത്തിൽ നടന്ന സ്വീകരണ ചടങ്ങ് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്‌ഘാടനം ചെയ്തത് .ചിറ്റാറ്റുകര വാർഡ് മെമ്പർ എം കെ രാജേഷ് ,പറവൂർ നഗരസഭ കൗൺസിലർ രഞ്ജിത്ത് മോഹൻ ,മുനമ്പം ഡിവിഷൻ ഡിവൈഎസ്‌പി ജയകൃഷ്ണൻ എസ് ,പറവൂർ സ്റ്റേഷൻ ഓഫീസർ ഫയർ ആൻറ് റെസ്ക്യൂ ,പറവൂർ സ്റ്റേഷൻ എസ്‌ഐ പോളി ,അഡ്വ.എ ജയകുമാർ എന്നിവർ സംസാരിച്ചു.വിവിധ സംഘടന പ്രതിനിധികൾ മരിയയെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.സ്വീകരണ ചടങ്ങിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയോടെയാണ് മരിയ ജെ പടയാട്ടിയെ ആനയിച്ചത് .
