ചലച്ചിത്ര താരം ശ്വേതാ മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. കീഴ്‌ക്കോടതി നടപടിക്രമം പാലിച്ചില്ലെന്നും, മജിസ്‌ട്രേറ്റ് തിടുക്കം കാട്ടിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

പരാതി പൊലീസിന് അയക്കുന്നതിനു മുന്‍പ് ജഡ്ജി നടപടി പാലിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പരാതിക്കാരനായ മാര്‍ട്ടിന്‍ മേനാച്ചേരിക്ക് കോടതി നോട്ടീസ് അയച്ചു.
കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് താരം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കേ ഉയർന്ന പരാതിയും കേസും ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം. എഫ്ഐആറിലെ ബാലിശമായ വിശദാംശങ്ങൾ താരം ഹൈക്കോടതിയിൽ ചൂണ്ടികാട്ടി. ജസ്റ്റിസ് വി.ജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കഴിഞ്ഞ ദിവസം നടക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഐടി നിയമത്തിലെ 67 (എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു.