സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ :മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. കോണ്‍ഗ്രസ് നേതാവും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം മുനീറാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. കടകംപള്ളിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് കടകംപള്ളിയുടേത് എന്ന തരത്തില്‍ അശ്ലീലച്ചുവയോടെ സ്ത്രീകളോട് സംസാരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷ്, ദൃശ്യമാധ്യമങ്ങളിലൂടെയാണ് നേരത്തെ കടകംപള്ളി സുരേന്ദ്രനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവതികള്‍ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടു പോകുകയാണ്. ഇതിനിടെയാണ് കടകംപള്ളി സുരേന്ദ്രനെതിരെയും പരാതി ഡിജിപിക്ക് ലഭിക്കുന്നത്. ലൈം​ഗിക ആരോപണങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.