മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മിന്നി: ഓവലിൽ ഇന്ത്യക്ക് അവിശ്വസനീയ ജയം

അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ജയത്തിനരികിൽ നിന്ന് പിടിച്ചിട്ട് പരമ്പര 2-2ന് സമനിലയിലാക്കി ഇന്ത്യൻ പുതുയുഗത്തിന്റെ കരുത്ത് കാണിച്ച് ഗില്ലും സംഘവും. അഞ്ചാം ദിനം ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ജയിക്കാൻ 35 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. കയ്യിൽ നാല് വിക്കറ്റുമുണ്ടായി.

പരമ്പര 3-1ന് സ്വന്തമാക്കുക എന്ന ലക്ഷ്യമിട്ട് വന്ന ഇംഗ്ലണ്ടിന്റെ സ്വപ്നം തകർത്തത് ഹൃദയം കൊടുത്ത് പന്തെറിഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ആണ്. അഞ്ച് വിക്കറ്റ് ആണ് സിറാജ് പിഴുതത്. അതിൽ മൂന്നും വന്നത് അഞ്ചാം ദിനം. അവസാന വിക്കറ്റ് വീഴുമ്പോൾ ഇംഗ്ലണ്ട് വിജയ ലക്ഷ്യത്തിൽ നിന്ന് ഏഴ് റൺസ് അകലെ.ജോഷ് പുറത്താവുമ്പോൾ 17 റൺസ് ആണ് ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. അവരുടെ കയ്യിൽ ഉണ്ടായിരുന്നത് ഒരു വിക്കറ്റും. തോളിന് പരുക്കേറ്റ ക്രിസ് വോക്സിനെ ഒരറ്റത്ത് നിർത്തി അറ്റ്കിൻസൻ ഇംഗ്ലണ്ടിനെ ജയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അറ്റ്കിൻസന്റെ കുറ്റിതെറിപ്പിച്ച് മുഹമ്മദ് സിറാജ് ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്കും അഞ്ച് വിക്കറ്റ് നേട്ടത്തിലേക്കും എത്തി.

അഞ്ചാം ദിനം കളി ആരംഭിച്ചപ്പോൾ ജേമി സ്മിത്തിനെ പുറത്താക്കി മുഹമ്മദ് സിറാജ് ആണ് ഇംഗ്ലണ്ടിനെ വിറപ്പിച്ച് സമ്മർദത്തിലാക്കിയത്. ജേമി സ്മിത്തിനെ പുറത്താക്കിയതിന് പിന്നാലെ തന്റെ തൊട്ടടുത്ത ഓവറിൽ ഒവെർടനേയും സിറാജ് വിക്കറ്റിന് മുൻപിൽ കുടുക്കി. ഇതോടെ ഇന്ത്യക്ക് വിജയ പ്രതീക്ഷ വന്നു. 12 പന്തിൽ ഡക്കാക്കി ജോഷ് ടങ്കിനെ പ്രസിദ്ധ് കൃഷ്ണ ബൗൾഡാക്കുക കൂടി ചെയ്തതോടെ ഇംഗ്ലണ്ടിന് ജയിക്കാൻ 17 റൺസും ഇന്ത്യക്ക് ജയിക്കാൻ ഒരു വിക്കറ്റും എന്ന നിലയിലായി. ഒടുവിൽ അറ്റ്കിൻസണിന്റെ വിക്കറ്റ് പിഴുത് ഇംഗ്ലണ്ടിനെ ചരിത്ര ജയത്തിലേക്ക് എത്തുന്നതിൽ നിന്ന് മുഹമ്മദ് സിറാജ് തടഞ്ഞു.

നേരത്തെ ജോ റൂട്ടും ഹാരി ബ്രൂക്കും ചേർന്നുള്ള 195 റൺസ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ ചരിത്ര ചെയ്സിങ് ജയത്തിന്റെ വക്കിലെത്തിച്ചത്. ലീഡ്സിൽ സംഭവിച്ചത് പോലെ നാലാം ഇന്നിങ്സിൽ മറ്റൊരു ഉയർന്ന സ്കോർ കൂടി ചെയ്സ് ചെയ്ത് ഇംഗ്ലണ്ട് മറ്റൊരു ചരിത്രമെഴുതും എന്ന് തോന്നിച്ചു. 152 പന്തിൽ നിന്ന് 105 റൺസ് ആണ് ജോ റൂട്ട് നേടിയത്. ഹാരി ബ്രൂക്ക് 98 പന്തിൽ നിന്നാണ് സ്കോറിങ്ങിന്റെ വേഗം കൂട്ടി 111 റൺസിലേക്ക് എത്തിയത്.ഇരുവരുടേയും കൂട്ടുകെട്ട് പൊളിച്ചതിന് പിന്നാലെ പിന്നെ വന്ന ഇംഗ്ലണ്ട് ബാറ്റർമാരെയൊന്നും നിലയുറപ്പിക്കാൻ ഇന്ത്യൻ ഫാസ്റ്റ് ബോളർാർ അനുവദിച്ചില്ല. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മിന്നിയതോടെയാണ് ഇന്ത്യക്ക് പരമ്പര അത്ഭുതകരമായ രീതിയിൽ സമനിലയിലാക്കാനായത്. രണ്ട് ഇന്നിങ്സിലുമായി ഒൻപത് വിക്കറ്റ് ആണ് സിറാജ് വീഴ്ത്തിയത്.