യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച 50ശതമാനം താരിഫ് വർദ്ധനവ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്ത്യയുടെ വസ്ത്ര തലസ്ഥാനമായ തിരുപ്പൂരിലെ കയറ്റുമതിക്കാർ കടുത്ത പ്രതിസന്ധിയിൽ. യുഎസിലേക്കുള്ള ഭൂരിഭാഗം ഓർഡറുകളും ദിവസങ്ങൾക്കുള്ളിൽ നിർത്തലാക്കി. ശേഷിക്കുന്നവ കുറഞ്ഞ താരിഫുള്ള ബംഗ്ലാദേശ്, പാകിസ്ഥാൻ, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് കയറ്റുമതി ചെയ്യുന്നത്.
അടുത്ത ഓർഡർ സ്ഥിരീകരിക്കുന്നതിന് മുമ്പ് കാത്തിരിക്കാൻ തന്റെ യുഎസ് ഉപഭോക്താവ് ആവശ്യപ്പെട്ടതായി മറ്റൊരു വ്യാപാരി പറഞ്ഞു. 25 ശതമാനം നികുതി വർദ്ധനവ് അംഗീകരിക്കാൻ ഉപഭോക്താക്കൾ ഇതിനകം തന്നെ കയറ്റുമതിക്കാരെ നിർബന്ധിച്ചിരുന്നുവെന്നും ഇപ്പോൾ ഭാരം ഇരട്ടിയായെന്നും മൂന്നാമത്തെ കയറ്റുമതിക്കാരൻ പറഞ്ഞു.

അടിസ്ഥാന, പരിഹാര തീരുവകൾ ഉൾപ്പെടെയുള്ള ഈ പുതുക്കിയ താരിഫുകൾ ചില വസ്ത്ര ഇനങ്ങളുടെ തീരുവ 64% വരെ വർദ്ധിപ്പിച്ചു. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങളെ പ്രാദേശിക എതിരാളികളേക്കാൾ 35ശതമാനം വരെ വില കൂടുതലാക്കുന്നു. തുടക്കത്തിൽ ഇത് ഒരു വലിയ തിരിച്ചടിയായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും, ഇപ്പോൾ കയറ്റുമതിക്കാർ ഇതിനെ ഒരു പരോക്ഷ വ്യാപാര തടസ്സമായി കാണുന്നു.
തമിഴ്‌നാട്ടിലെ ടെക്സ്‌റ്റൈൽ മേഖല യുഎസ് ഓർഡറുകളിൽ വീണ്ടും വളർച്ച കൈവരിക്കാൻ ഒരുങ്ങുമ്പോഴാണ് ഈ സാഹചര്യമെന്ന് വ്യാപരികൾ പറയുന്നു. തിരുപ്പൂർ, കോയമ്പത്തൂർ, കരൂർ എന്നീ മൂന്ന് നഗരങ്ങളിലായി പടർന്നു കിടക്കുന്ന തമിഴ്‌നാട്ടിലെ വസ്ത്ര വ്യാപാര മേഖലയിൽ ഏകദേശം 1.25 ദശലക്ഷത്തിലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പ്രതിവർഷം 45,000 കോടി രൂപയുടെ വസ്ത്രങ്ങളാണ് കയറ്റുമതി ചെയ്തിരുന്നത്.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറും ചൈന, മ്യാൻമർ എന്നി രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തിയതും ഇന്ത്യൻ ഉൽപ്പന്നങ്ങളോടുള്ള യുഎസ് താൽപ്പര്യം വർധിച്ചിരുന്നു. ഇത് മുന്നിൽ കണ്ട് ഈ മേഖലയിൽ വ്യാപാരികൾ കൂടുതൽ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം ഈ മേഖലയെ മൊത്തത്തിൽ ഇല്ലാതാക്കുന്നതാണ്. വലിയ തിരിച്ചടിയാണ് ട്രംപിന്റെ താരിഫ് പ്രഖ്യാപനമെന്ന് തിരുപ്പൂർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. സുബ്രഹ്മണ്യൻ പറഞ്ഞു.

നിരവധി തൊഴിലാളികളാണ് ടെക്‌സ്‌റ്റൈൽ മേഖലയിൽ പണിയെടുക്കുന്നത്. ട്രംപിന്റെ തീരുമാനം മൂലം തൊഴിലാളികളെ കുറയ്‌ക്കേണ്ട സാഹചര്യമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. ഓർഡറുകൾ 10-20% കുറഞ്ഞാൽ, തിരുപ്പൂർ, കരൂർ, കോയമ്പത്തൂർ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി അടുത്ത കുറച്ച് മാസങ്ങളിൽ ഒരു ലാകാശം മുതൽ രണ്ടു ലക്ഷം വരെ തൊഴിലാളികളെ കുറയ്‌ക്കേണ്ടി വരുമെന്നാണ് വ്യാപാരികൾ പറഞ്ഞത്.

വസ്ത്ര മേഖലയിലും ഈ ആഘാതം ഒതുങ്ങുന്നില്ല. ഗാർഹിക തുണിത്തരങ്ങൾക്ക് പേരുകേട്ട കോയമ്പത്തൂരിലും കരൂരിലും ഓർഡറുകൾ സ്തംഭിക്കാൻ തുടങ്ങിയിരിക്കുന്നു. ബെഡ് ഷീറ്റുകൾക്കും ടവ്വലുകൾക്കും വേണ്ടിയുള്ള വേനൽക്കാല ബുക്കിംഗുകൾ ഉപഭോക്താക്കൾ മാറ്റിവയ്ക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്യാൻ തുടങ്ങിയിട്ടുണ്ട് .