പട്ട, പട്ടയം , ജമമാറ്റം, പട്ടമാറ്റം, പതിവു മാറ്റം, പോക്കുവരവ്,തണ്ടപ്പേര് എന്നാൽ എന്താണ് ? ഇവ എന്തിന്‌ ഉപയോഗിക്കുന്നു.

മലയാള ഭാഷ ഇത്രയേറെ വികസിച്ചിട്ടും റവന്യു റെക്കോർഡുകളിലെ ഭാഷ മനസ്സിലാക്കിയെടുക്കുവാൻ സാധാരണക്കാർക്ക് ഇക്കാലത്തും വലിയ ബുദ്ധിമുട്ടാണ്. ഉദ്യോഗസ്ഥന്മാർക്കും ബുദ്ധിമുട്ടാണ്.അക്കാര്യം അവർ പറയുന്നില്ല എന്നേയുള്ളൂ.

റവന്യൂ നിയമങ്ങൾ സ്കൂളിലോ കോളേജിലോ പഠന വിഷയമാക്കേണ്ടത് കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ്. പഴയ തലമുറകൾക്ക് റവന്യൂ ഭാഷ അല്പമൊക്കെ വശം ഉണ്ടെങ്കിലും പുതിയ ന്യൂജൻ തലമുറയ്ക്ക് അത്ര പിടിപ്പില്ല.

ഭൂമിയിലുള്ള ഉടമസ്ഥാവകാശം മാറുന്നതിനനുസരണമായി വില്ലേജ് റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂ ഉടമകളുടെ പേര് വിവരങ്ങൾ മാറ്റം വരുത്തുന്ന സമ്പ്രദായത്തെയാണ് ജമമാറ്റം, പട്ടമാറ്റം, പതിവു മാറ്റം, പോക്കുവരവ് എന്നീ പേരുകളിൽ അറിയപ്പെടുന്നത്. റവന്യൂ നിയമപ്രകാരം പട്ട എന്നാൽ പോക്ക് വരവ് പട്ട (തണ്ടപ്പേർ ) എന്ന അർത്ഥമാകുന്നു.

അപ്പോൾ എന്താണ് തണ്ടപ്പേര് കണക്ക്, അഥവാ തണ്ടപ്പേര് അക്കൗണ്ട്?
എന്താണ് തണ്ടപ്പേര് നമ്പർ?

വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, ഇനവും, അളവുമൊക്കെ രേഖപ്പെടുത്തി വയ്ക്കുന്ന കാണ്ടാമൃഗം പോലുള്ള വലിയ പുസ്തകങ്ങൾ ഉണ്ട്. ഇതിന് പല വാലൃങ്ങൾ ഉണ്ടാവും. അതിനെ തണ്ടപ്പേര് ബുക്കുകൾ എന്ന് പറയുന്നു. ആ ബുക്കിലെ ഒരു പേജ് ഒരു വസ്തു ഉടമയ്ക്ക് നമ്പർ ഇട്ട് നൽകിയിട്ടുണ്ടാവും .

ആ പേജാണ് തണ്ടപ്പേര് അക്കൗണ്ട് അല്ലെങ്കിൽ തണ്ടപ്പേര് കണക്ക്. ആ പേജിന് നൽകിയ ക്രമ നമ്പർ ആണ് തണ്ടപ്പേര് നമ്പർ. നിങ്ങളുടെ കൈവശം ഉള്ള കരം ഒടുക്കിയ പഴയ കൈയ്യെഴു ത്തു രസീതിൽ ഇടതു വശത്ത് മുകളിൽ എഴുതിയിരിക്കുന്നതാണ് തണ്ടപ്പേര് നമ്പർ. പുതിയ കംപ്യൂട്ടർ രസീതിലും കേരള സർക്കാർ രസീത് എന്ന് എഴുതിയതിന് താഴെ തണ്ടപ്പേര് നമ്പർ പറയുന്നുണ്ട്.

ഭൂനികുതി ഒടുക്കുന്നതിനുള്ള ബാധ്യതയെ മാത്രമേ “പട്ട” അംഗീകരിക്കുന്നുള്ളൂ. അതായത് പട്ടയുടെ ഉടമയായ ഭൂമിയിൽ പ്രത്യേകിച്ച് അവകാശം ഒന്നുമില്ല. പക്ഷേ നികുതി അടയ്ക്കാം. എന്നാൽ ‘പട്ടയത്തി’ന്റെ ഉടമയായ പട്ട യാഥാർഥ ഭൂമിയിൽ പൂർണ്ണ അവകാശം ഉണ്ട്. സർക്കാർ വകഭൂമി ഭൂരഹിതർക്ക് പതിച്ചു കൊടുക്കുമ്പോൾ സർക്കാർ നൽകുന്ന ഒരു പ്രമാണമാണ് പട്ടയം.

ഭൂപരിഷ്കരണ നിയമം അനുസരിച്ച് നൽകുന്ന “സർട്ടിഫിക്കറ്റ് ഓഫ് പർച്ചേസും” പട്ടയത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. നികുതി പിരിക്കുന്ന കാര്യത്തിൽ യഥാസമയം പോക്കുവരവ് നടത്തി തണ്ടപ്പേർ(പട്ട) പിടിക്കേണ്ടത് അത്യാവശ്യമായതിനാൽ ആഹാരത്തിലെ നിസ്സാര ന്യൂനതകൾ കാരണമായി പറഞ്ഞുകൊണ്ട് പോക്കുവരവ് നിഷേധിക്കുവാൻ പാടുള്ളതല്ല. അതായത് പട്ടയും പട്ടയവും തമ്മിൽ വ്യത്യാസമുണ്ട്.

(തയ്യാറാക്കിയത് .Adv. K. B Mohanan 9847445075)