കർണാടകയിലെ ധര്‍മസ്ഥലയില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ അറസ്റ്റില്‍. ആരോപണം വ്യജമെന്ന് സംശയം. ശുചീകരണ തൊഴിലാളിയാണ് ഇപ്രകാരം ഒരു വെളിപ്പെടുത്തൽ നടത്തിയത്.
വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെളിപ്പെടുത്തല്‍ വ്യാജമാണെന്നാണ് പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം.വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു .ഇയാള്‍ നല്‍കിയ രേഖകളും വസ്തുതാപരമല്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

1995 മുതല്‍ 2014 വരെയുള്ള കാലത്ത് ശുചീകരണ തൊഴിലാളിയായി പ്രവര്‍ത്തിച്ചിരുന്ന താന്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചു മൂടിയെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഇവരില്‍ പലരും ലൈംഗികമായ ഉപദ്രവിക്കപ്പെട്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു.വെളിപ്പെടുത്തല്‍ സംബന്ധിച്ച് മജിസ്‌ട്രേറ്റിനു മുന്നിലും ഇയാള്‍ മൊഴി നല്‍കി.വെളിപ്പെടുത്തല്‍ വന്‍ രാഷ്ടീയ വിവാദമായതിനു പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഘത്തിന്റെ നേതൃത്വത്തില്‍ ധര്‍മസ്ഥലയില്‍ സ്ഥലം കുഴിച്ചു പരിശോധന നടത്തിയിരുന്നു.
