നിർമാതാക്കളുടെ സംഘടനയിൽ പൊട്ടിത്തെറി;അമ്മയുടെയും ഫെഫ്‌കയുടെയും വോട്ട് വേണ്ടെന്ന് സജി നന്ത്യാട്ട് ;വിനയൻ ജയത്തിന്റെ വക്കിൽ

നിർമാതാക്കളുടെ സംഘടനയിൽ മത്സരം കടു കട്ടി .വീറും വാശിയും വേണ്ടുവോളം .വാട്സ്ആപ്പ് വഴി തെറിയഭിഷേകം.ഇതിനിടയിൽ തിരുവനന്തപുരം ലോബി പാനൽ ഇറക്കുകയും ചെയ്‌തു .

എതിർ ഭാഗത്ത് വിനയൻ ഒഴികെ മറ്റാരെയും തിരുവനന്തപുരം ലോബിക്ക് ഭയമില്ല.പത്രിക തള്ളിയ സാന്ദ്ര തോമസിന്റെ കേസ് തിങ്കളാഴ്ച്ച വിധി പറഞ്ഞാൽ മത്സരത്തിന്റെ മറ്റും ഭാവവും മാറും.വിനയൻ ജയിക്കുമെന്ന ഭയത്തിലാണ് തിരുവനന്തപുരം ലോബി.അത് എങ്ങനെയും തടയുകയാണ് അവരുടെ ലക്‌ഷ്യം .

തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് പത്രിക സമര്‍പ്പിച്ചിരുന്നു.എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സാന്ദ്ര തോമസിന്റെ പത്രിക തള്ളുകയാണ് ചെയ്തത്.ഇതിനെതിരെയാണ് സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഈ മാസം (ആഗസ്റ്റ് ,2025 ) 14 നാണ് നിർമാതാക്കളുടെ സംഘടനയുടെ സംഘടന തെരെഞ്ഞെടുപ്പ് നടക്കുന്നത്.എറണാകുളം എം ജി റോഡിലെ അബാദ് പ്ലസ് ഹോട്ടലിലാണ് വാർഷിക പൊതുയോഗവും അതിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പും നടക്കുക .ശക്തമായ മത്സരം നടക്കുന്നതിനാൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരുവനന്തപുരം ലോബിയുടെ സ്ഥാനാർഥിയായ മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിൻ സ്റ്റീഫൻ തോൽവിയുടെ വക്കിലാണ്.ആകാശ് ഫിലിംസിന്റെ വിനയൻ(സംവിധായകൻ ) വിജയിക്കുമെന്നാണ് പ്രചാരണം .

സാന്ദ്ര തോമസ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കാണ് മത്സരിക്കാൻ ആഗ്രഹിച്ചത്.ഇപ്പോൾ ഇതേ സ്ഥാനങ്ങളിൽ നന്ത്യാട്ട് ഫിലിമിസിന്റെ സജി നന്ത്യാട്ട് എന്ന ജേക്കബ് മാത്യുവാണ് മത്സരിക്കുന്നത്.കോടതിയിൽ സാന്ദ്ര തോമസ് വിജയിച്ചാൽ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിൽ മത്സരിക്കാൻ അവർക്ക് കഴിയും . സാന്ദ്ര ഗർജനം എന്ന പേരിൽ ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്.

“വേട്ടയ്ക്കിറങ്ങിത്തെളിഞ്ഞൊരു സിംഹിണി
വേട്ടക്കിറങ്ങാത്ത സിംഹങ്ങളെ മാറ്റി
വേട്ടപ്പറമ്പിന്റെ ചെങ്കോലു തേടിയാൽ
വേട്ടയ്ക്കു മേലാത്താർ ആർക്കൊപ്പമാവും “

ഇതാണ് വീഡിയോയിലെ വരികൾ.

രണ്ടു സ്ഥാനങ്ങളിൽ മത്സരിക്കുന്ന സജി നന്ത്യാട്ട് തനിക്ക് അമ്മയുടെയും ഫെഫ്ക്കയുടെയും വോട്ട് വേണ്ടെന്ന് നോട്ടീസിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹം ഇങ്ങനെയാണ് നോട്ടീസിൽ പറയുന്നത്.


“ഞാനും എന്റെ സഹപ്രവർത്തകരും ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക പരാധീനതകൾക്ക് കാരണം അമിത വേതനവും സാമ്പത്തിക അച്ചടക്കമില്ലായ്മയും ആവുന്നു.ഇതിനു ഒരു പരിധിവരെ കാരണം പ്രധാന താരങ്ങളുടെയും വ്യക്തികളുടെയും അമിത വേതനം ആണ് .അതുകൊണ്ട് ഇവിടെ അംഗമായിട്ടുള്ള ‘അമ്മ ഫെഫ്‍കെ തുടങ്ങിയവരുടെ വോട്ട് എനിക്കു വേണ്ട.എന്റെ വർഗ്ഗത്തെ ഇന്നനുഭവിക്കുന്ന ദുരിതത്തിലേക്ക് കൊണ്ട് ചെന്നെത്തിച്ചവരോട് സമരസപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഇതെന്റെ പ്രതിഷേധമാണ്.”

325 അംഗങ്ങൾ മാത്രമുള്ള നിർമാതാക്കളുടെ സംഘടനയിൽ അഴിമതികളും ആരോപണങ്ങളായി ഉന്നയിക്കുന്നുണ്ട്.പരസ്പരം ചെളിവാരിയെറിയലുകൾ തെരെഞ്ഞെടുപ്പ് അടുത്ത് വരുംതോറും കൂടിക്കൊണ്ടിരിക്കുകയാണ്.തിരുവനന്തപുരം ലോബിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉണ്ട്.ഈ ലോബിയാണ് കുറച്ച് നാളുകളായി നിർമാതാക്കളുടെ സംഘടനയെ നിയന്ത്രിക്കുന്നത്.അവരുടെ പോക്കറ്റ് സംഘടനയാണിത്.ഇതിൽ നിന്നുള്ള മോചനം പല അംഗങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കില്ലും തിരുവനന്തപുരം ലോബിക്കെതിരെ ഒരു പാനൽ അവതരിപ്പിക്കാൻ എതിർ ചേരിക്ക് കഴിഞ്ഞിട്ടില്ല.അതേസമയം സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന വിനയനെ വിജയിപ്പിക്കാനാണ് മറ്റുള്ളവരുടെ ശ്രമം.നേരത്തെ പോലെ വിനയനോട് ശത്രുതയില്ല.