ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് ;വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നായിരുന്നു.

പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 12 വരെ സമയം നീട്ടിയിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ചു രംഗത്തിറങ്ങിയതോടെ രണ്ടാഴ്ച കൊണ്ട് 19.21 ലക്ഷം അപേക്ഷകളാണു ലഭിച്ചത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ www.sec.kerala.gov.in ല്‍ സിറ്റിസന്‍ റജിസ്ട്രേഷന്‍ നടത്തി പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും അപ്ലോഡ് ചെയ്യണം. പ്രൊഫൈല്‍ സൃഷ്ടിച്ച ഒരാള്‍ക്ക് 10 പേരെ വരെ ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കി ഹിയറിങ് നോട്ടിസ് ലഭിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയുമായി ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസറായ (ഇആര്‍ഒ) തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുന്‍പാകെ ഹാജരാകണം.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ടറൽ ഓഫീസർമാരുമായി ബന്ധപ്പെടുക. ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പൽ കൗൺസിലുകളിലും അതാത് സെക്രട്ടറിമാരും മുനിസിപ്പൽ കോർപ്പറേഷനിൽ അതാത് അഡീഷണൽ സെക്രട്ടറിമാരും ആണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ.

വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് വെബ് സൈറ്റിൻ്റെ വലതു ഭാഗത്ത് മുകളിലുള്ള Sign In ക്ലിക്ക് ചെയ്യുക.തൂടർന്നു വരുന്ന പേജിലെ Citizen Registration വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്..