പോലീസ് ലോക്കപ്പിൽ കൊല്ലപ്പെട്ട ഉദയ കുമാറിന്റെ എഴുപത് പിന്നിട്ട അമ്മ പ്രഭാവതിയമ്മയ്ക്ക് എന്ന് നീതി ലഭിക്കും ?

ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് വധശിക്ഷയായിരുന്നു നേരത്തെ വിധിച്ചത്. 2005 മുതൽ നിയമ പോരാട്ടം നടത്തുന്ന ഉദയ കുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്ക് ഇപ്പോഴത്തെ ഹൈക്കോടതി വിധി തിരിച്ചടിയായി.

പൊതു സമൂഹത്തിൽ ഹൈക്കോടതി വിധി വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.ഇനിയും നിയമപോരാട്ടം നടത്തേണ്ട അവസ്ഥയിലാണ് എഴുപത് പിന്നിട്ട ഉദയ കുമാറിന്റെ അമ്മ .ഉദയകുമാർ കൊല്ലപ്പെട്ട് പതിമൂന്നാം വർഷമാണ് ഉരുട്ടി കൊലക്കേസിലെ രണ്ട് പ്രതികൾക്ക് വധശിക്ഷയും മറ്റും വിധിച്ച് തിരുവനന്തപുരത്തെ സിബിഐ കോടതി ശിക്ഷ വിധിച്ചത്.എന്നാൽ ഉദയ കുമാർ കൊല്ലപ്പെട്ട് ഇരുപതാം വർഷമാണ് മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി വിധിച്ചത്.ഞെട്ടലോടെയാണ് ഉദയകുമാറിന്റെ അമ്മ ഈ വിധി അറിഞ്ഞത് .ഏതാണ്ട് എഴുപത് പിന്നിട്ട അവർ നീതി തേടി വീണ്ടും അലയേണ്ട സാഹചര്യമാണ് സംജാതമായിട്ടുള്ളത്.ഈ അമ്മയ്ക്ക് ഇനി എപ്പോഴാണ് നീതി കിട്ടുക.

2005 സെപ്റ്റംബർ 27നാണ് ഉദയകുമാർ ലോക്കപ്പിൽ ഉദയകുമാർ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെടുകയായിരുന്നു. സ്റ്റേഷനിൽ പൊലീസുകാർ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകളുണ്ടെന്നും വ്യക്തമായിരുന്നു.

ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. പൊലീസുകാരായ കെ ജിതകുമാർ, എസ് വി ശ്രീകുമാർ, കെ സോമൻ എന്നിവർ ഉദയകുമാറിനെ ഉരുട്ടിയും മർദിച്ചും കൊലപ്പെടുത്തിയെന്നാണ് സിബിഐ കണ്ടെത്തൽ.ഇ കെ സാബു, ടി കെ ഹിരദാസ്, ടി അജിത് കുമാർ എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിനും വ്യാജ രേഖകൾ നിർമിച്ചതിനും കേസ് ചുമത്തുകയായിരുന്നു.

സംസ്ഥാനത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കസ്റ്റഡി മരണമായിരുന്നു ഫോ‍ർട്ട് സ്റ്റേഷനിലെ ഉദയകുമാറിൻറെ കൊലപാതകം. ആള്‍മാറാട്ടവും സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റവുമെല്ലാം കേസിനെ വിവാദത്തിലാക്കിയിരുന്നു .

2018 ജൂലൈ മാസം ആണ് സി ബിഎ ഐ കോടതി പ്രതികൾക്ക് കടുത്ത ശിക്ഷ വിധിച്ചത്.ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികൾക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മ മാധ്യമങ്ങളോട് പറഞ്ഞു.. വിധി കേട്ട ശേഷം തിരുവനന്തപുരം സിബിഐ കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. .”ഈ കാലമത്രയും എനിക്ക് കൂട്ടായി നിന്ന എല്ലാവർക്കും നന്ദി. എന്റെ പ്രാർത്ഥന ദൈവം കേട്ടു. പ്രതീക്ഷിച്ചതാണ് ഈ വിധി. ഒരു ഓണക്കാലത്താണ് അവരെന്റെ മകനെ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഒരു ഓണത്തിന് മുൻപാണ് അവർക്ക് വധശിക്ഷ കിട്ടിയതും” പ്രഭാവതി അമ്മ പറഞ്ഞു.

“എനിക്ക് സന്തോഷമുണ്ട്. പക്ഷെ എന്റെ കണ്ണീര് ഒരിക്കലും തോരില്ല. ഇവർക്ക് എവിടെ പോയാലും ഇളവ് കിട്ടുമെന്ന് കരുതുന്നില്ല. എല്ലാ തെളിവുകളും അവർക്ക് എതിരായിരുന്നു. ഇനി ലോകത്ത് ഒരിക്കലും ഇത്തരമൊരു സംഭവം നടക്കരുത്. ഇതാദ്യമായാണ് ഇവർ ശിക്ഷിക്കപ്പെടുന്നത്. അതിനാൽ ഇതൊരു പാഠമായിരിക്കണം,” പ്രഭാവതി അമ്മ പറഞ്ഞു.കൊലപാതകം, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വിചാരണ അട്ടിമറിക്കൽ, അന്വേഷണം അട്ടിമറിക്കൽ തുടങ്ങി എല്ലാ കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞതായി കോടതി പറഞ്ഞു. കേസിൽ ആദ്യ രണ്ട് പ്രതികളായ ഒന്നാം പ്രതി കെ.ജിതകുമാര്‍, രണ്ടാം പ്രതി എസ്. വി. ശ്രീകുമാര്‍ എന്നിവർക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

കേസിലെ മറ്റ് പ്രതികളായ ഇകെ സാബു, ടി അജിത് കുമാർ എന്നിവരെ ആറ് വർഷം തടവിന് ശിക്ഷിച്ചു ഇ. കെ സാബുവിനും ടി. അജിത് കുമാറിനും മൂന്ന് വർഷം വീതം രണ്ട് കേസിലായാണ് ആറ് വർഷം തടവ്. ഇത് ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ടി.കെ ഹരിദാസിനെ മൂന്ന് വർഷം തടവിനും ശിക്ഷിച്ചു. ഇവർ മൂവരും 50000 രൂപ പിഴയടക്കണം.പിന്നീട് 2020 ൽ ഒരു പ്രതി ശ്രീകുമാർ മരിച്ചു.