കലാഭവന്‍ നവാസിന്റെ മരണം എന്തുകൊണ്ട് ? മലയാള സിനിമാ ലോകം ഞെട്ടി

നടന്‍ കലാഭവന്‍ നവാസിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. 51 കാരനായ നവാസ് ഇന്നലെയാണ് മരണപ്പെടുന്നത്. മിമിക്രി വേദികളിലൂടെ കരിയര്‍ ആരംഭിച്ച് സിനിമയിലെത്തിയ താരമാണ് നവാസ്. സിനിമാ ലോകത്തും ടെലിവിഷന്‍ ലോകത്തുമെല്ലാം സജീവ സാന്നിധ്യമായിരുന്നു. കരിയറില്‍ ശക്തമായൊരു തിരിച്ചുവരവിന് ശ്രമിക്കവെയാണ് മരണം അദ്ദേഹത്തെ തേടിയെത്തുന്നത്.

നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ ജയറാമും എത്തി. സോഷ്യല്‍ മീഡിയയില്‍ നവാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജയറാമിന്റെ പ്രതികരണം. ‘പ്രിയ സുഹൃത്തേ, ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്, പ്രണാമം’ എന്നായിരുന്നു ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇന്നലെ രാത്രിയോടെയാണ് നവാസ് മരണപ്പെടുന്നത്. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ താരത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് പാക്ക് അപ്പ് ആയതോടെ വീട്ടിലേക്ക് തിരിച്ചു പോകുന്നതായി ഹോട്ടല്‍ മുറിയിലെത്തിയതായിരുന്നു താരം. രാത്രി 8.45 ഓടെ ഹോട്ടല്‍ ജീവനക്കാരാണ് നവാസിനെ മുറിയില്‍ വീണു കിടക്കുന്നതായി കണ്ടെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ഹോട്ടലുടമ സന്തോഷ് പറയുന്നതിങ്ങനെ, മൂന്ന് മുറികളാണ് ഷൂട്ടിങ് സംഘം എടുത്തിരുന്നത്. 209ാം നമ്പര്‍ മുറിയിലാണ് നവാസ് താമസിച്ചിരുന്നത്. മറ്റ് രണ്ട് മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. അദ്ദേഹം ചെക്ക് ഔട്ട് ചെയ്യാന്‍ വൈകിയപ്പോള്‍ സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു. മുറിയില്‍ ചെന്ന് അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ പറയുകയും ചെയ്തു. റൂം ബോയി പോയി ബെല്ലടിച്ചെങ്കിലും മുറി തുറന്നില്ല. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ നവാസ് തറയില്‍ വീണു കിടക്കുകയാണ്. ഉടന്‍ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചറിയിച്ചു. ആശുപത്രിയിലേയ്ക്ക് പോകുമ്പോള്‍ ജീവനുണ്ടായിരുന്നുയ കൈകളൊക്കെ അനങ്ങുന്നുണ്ടായിരുന്നു. സിനിമാ പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്.

വൈകിട്ട് നാല് മണി മുതല്‍ അഞ്ചര വരെ ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ മൃതദേഹത്തിന്റെ പൊതുദര്‍ശനമുണ്ടാകും. അതേസമയം നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്.മരണ കാരണം ഹൃദയാഘാതമെന്നാണ് സൂചന

നടന്‍ അബൂബക്കറിന്റെ മകനാണ് നവാസ്. ഭാര്യ രെഹ്നയും സിനിമാ നടിയാണ്. നടന്‍ നിയാസ് ബക്കര്‍ സഹോദരനാണ്. 1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന സിനിമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. നായകനായും സഹനടനായെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. ഡിറ്റക്ടീവ് ഉജ്ജ്വലനിലാണ് ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിലെ നവാസിന്റെ മേക്കോവറും പ്രകടനവും ശ്രദ്ധ നേടിയിരുന്നു.

പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്.