പാര്‍ലമെന്‍റ് മന്ദിരത്തില്‍ വീണ്ടും സുരക്ഷാവീഴ്ച.;ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

പാര്‍ലമെന്‍റ് മന്ദിരത്തില്‍ വീണ്ടും സുരക്ഷാവീഴ്ച. 2023 ഡിസംബറിലും, പാർലമെന്റിൽ സുരക്ഷാ വീഴ്ച സംഭവിച്ചിരുന്നു .ഇന്ന് (22 -08 -2025 ) മതിൽ ചാടിക്കടന്ന് പാർലമെന്റ് വളപ്പിൽ പ്രവേശിച്ച യുവാവിനെ സുരക്ഷാ ജീവനക്കാർ പിടികൂടി. ഇന്നു പുലർച്ചെ 5.50 ഓടെയായിരുന്നു സംഭവം. യുവാവ് മരത്തിൽ കയറിയ ശേഷം മതിൽ ചാടിക്കടന്ന് പാർലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്നു.

ഗരുഡ ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയെന്നാണ് വിവരം. റെയിൽ ഭവന്റെ ഭാഗത്തു നിന്നാണ് ഇയാൾ മതിൽ ചാടിക്കടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ ഇന്റലിജൻസ് ബ്യൂറോയും സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശ് സ്വദേശിയായ 20 വയസുകാരനാണ് പിടിയിലായത്. ഗുജറാത്തിലെ ഒരു കടയിൽ ജോലിക്കാരനാണ്. കറുത്ത ടീ-ഷർട്ടും കാക്കി പാന്റും ധരിച്ചയാരുന്നു പ്രതി എത്തിയത്. ഇയാളുടെ കൈവശം ആയുധങ്ങളോ മറ്റു സംശയാസ്പദമായ വസ്തുക്കളോ ഇല്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതി മാനസ്സിക പ്രശ്നമുള്ളയാളാണെന്ന് സംശയമുള്ളതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

സന്ദർശക ഗാലറിയിൽ നിന്ന് രണ്ടു പേർ ലോക്‌സഭാ ചേംബറിലേക്ക് ചാടിയിറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ശൂന്യ വേളയിലെ നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിൽ, ലഖ്‌നൗവിൽ നിന്നുള്ള സാഗർ ശർമ്മ (25), മൈസൂരുവിൽ നിന്നുള്ള മനോരഞ്ജൻ ഡി (35) എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.