പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കില്ല ;ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി

പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ടോള്‍ പിരിവിന് ഏര്‍പ്പെടുത്തിയ നിരോധനം അടുത്തമാസം ഒമ്പതു വരെ ഹൈക്കോടതി നീട്ടി.

സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എഐ കോടതിയെ സമീപിച്ചത്. ഇതിനായി ഏതാനും ചിത്രങ്ങളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റോഡ് നിര്‍മ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സര്‍വീസ് റോഡുകള്‍ ഇതുവരെയും പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.

എന്നാല്‍ ഓണക്കാലത്ത് കൂടുതല്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായേക്കുമെന്നും, റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ണമായി തീര്‍ത്താലേ ടോള്‍ പരിക്കാന്‍ അനുവദിക്കാവൂ എന്നും മൂന്നംഗ സമിതി നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. സമിതിയുടെ വാദം മുഖവിലക്കെടുത്തുകൊണ്ടാണ് ദേശീയ പാത അതോറിറ്റിയുടെ ആവശ്യം കോടതി നിരാകരിച്ചത്.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ടോള്‍ പിരിവിന് അനുമതി നിഷേധിച്ചത്. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൂന്നംഗ സമിതി വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ഒരു റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതോടെ ഓണക്കാലത്ത് ടോള്‍പിരിവ് നടത്താനുള്ള ദേശീയപാതാ അതോറിറ്റിയുടേയും കരാര്‍ കമ്പനിക്കാരുടേയും നീക്കമാണ് പാളിയത്. സെപ്റ്റംബര്‍ ഒമ്പതിനാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുക.