ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു;നാലാം ദിവസം ആഗസ്റ്റ് 21ന് രാത്രി 10ന് നടയടയ്ക്കും.

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ(16 -08 -2025 ) വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്നിതെളിച്ചു. മാളികപ്പുറം മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്നു.

ഇന്ന് മുതൽ പുലർച്ചെ 4.50ന് ദേവനെ പള്ളിയുണർത്തും. 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. 5.30 മുതൽ ഏഴ് വരെയും ഒമ്പത് മുതൽ 11 വരെയും നെയ്യഭിഷേകം.

ഉദയാസ്തമയപൂജ, 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ. മാളികപ്പുറം ക്ഷേത്രത്തിൽ ദീപാരാധനയ്ക്കുശേഷം ഭഗവതിസേവ . പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നടയടയ്ക്കും.(കവർ ഫോട്ടോ കടപ്പാട് :ഇന്ത്യ ടുഡേ )