സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്

ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും അതിനാൽ സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപിക ഖദീജയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്.

ഡിവൈഎഫ്‌ഐ കടവല്ലൂർ വെസ്റ്റ് മേഖല സെക്രട്ടറി ഹസ്സന്റെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍ ഇതില്‍ പങ്കാളികളാകരുതെന്നും ആവശ്യപ്പെട്ടാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചത്.

കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാല്‍ ഇസ്ലാം മതവിശ്വാസികള്‍ അതിനോട് സഹകരിക്കരുത്. നമ്മള്‍ മുസ്ലിങ്ങള്‍ ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങളാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലെന്നാരോപിച്ചാണ് ഹസ്സൻ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്.

‘ഓണം ഹിന്ദുമതസ്ഥരുടെ ആചാരമാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ആ ഒരു സെലിബ്രേഷനുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. കാരണം മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ കൂട്ടുപിടിച്ച് കഴിഞ്ഞാൽ അത് ശിർക്കായി മാറാൻ ചാൻസുണ്ട്. അല്ലാഹുവിനോട് പങ്കുചേർക്കുന്നതിന് തുല്യമാണിത്’- അധ്യാപികയുടെ ശബ്ദസന്ദേശത്തിൽ പറയുന്നു.