ബോളിവുഡ് നടൻ ജാക്കിഷ്രോഫ് സമ്മാനിച്ച മെക്കാനിക്കൽ ആനയെ കൊടുങ്ങല്ലൂർ ശിവക്ഷേത്രത്തിൽ നാളെ അനാച്ഛാദനം ചെയ്യും

ബോളിവുഡ് നടൻ ജാക്കി ഷ്രോഫ് സമ്മാനിച്ച മെക്കാനിക്കൽ ആനയെ കൊടുങ്ങല്ലൂർ ശിവക്ഷേത്രത്തിൽ നാളെ അനാച്ഛാദനം ചെയ്യും .തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നെടിയത്തളി ശ്രീ തലീശ്വരൻ ശിവക്ഷേത്രത്തിനാണ് മെക്കാനിക്കൽ ആനയെ ലഭിക്കുക. നടൻ ജാക്കി ഷ്രോഫും പെറ്റ ഇന്ത്യയും ചേർന്നാണ് മെക്കാനിക്കൽ ആനയെ ക്ഷേത്ര ഉദ്യോഗസ്ഥരുടെയും ഭക്തരുടെയും സാന്നിധ്യത്തിൽ നേരത്തെ സമ്മാനിച്ചത് . നാളെയാണ് യാന്ത്രിക ആനയുടെ ആചാരപരമായുള്ള അനാച്ഛാദനം ചെയ്യുക.

മൂന്ന് മീറ്റർ ഉയരവും 800 കിലോഗ്രാം ഭാരവുമുള്ള അസാധാരണ മെക്കാനിക്കൽ ആനയ്ക്ക് തലീശ്വരൻ എന്നാണ് പേര് നൽകിയിട്ടുള്ളത്.

കൊടുങ്ങല്ലൂരിലെ നെടിയത്തലി ശ്രീ ശിവക്ഷേത്രത്തിന് പ്രശസ്ത ബോളിവുഡ് നടൻ ജാക്കി ഷ്രോഫും പെറ്റ ഇന്ത്യയും നൽകുന്ന സമ്മാനമാണ് തലീശ്വരൻ എന്ന യാന്ത്രികമായ ആന. കൊടുങ്ങല്ലൂർ നെടിയത്തളി ശ്രീ തലീശ്വരൻ ശിവക്ഷേത്രത്തിനു എന്തുകൊണ്ട് ഈ യാന്ത്രികമായ ആനയെ നൽകി.?

യഥാർത്ഥ ആനകളെ ഒരിക്കലും വാടകയ്‌ക്കെടുക്കുകയോ സൂക്ഷിക്കുകയോ ചെയ്യില്ല എന്ന കൊടുങ്ങല്ലൂർ നെടിയത്തളി ശ്രീ തലീശ്വരൻ ശിവക്ഷേത്രത്തിന്റെ പ്രതിബദ്ധതയെ ആദരിക്കുന്നതിനു വേണ്ടിയാണ് മെക്കാനിക്കൽ യാന്ത്രിക ആനയെ സമർപ്പിച്ചിട്ടുള്ളത്.ഈ ആനയുടെ അനാച്ഛാദനമാണ് നാളെ (2025 ആഗസ്റ്റ് 16 ) രാവിലെ 11 മണിക്ക് നടക്കുക.

അനാച്ഛാദന ചടങ്ങിൽ ബെന്നി ബെഹനാൻ എംപിയും ,കൊടുങ്ങല്ലൂർ എംഎൽഎ വി.ആർ. സുനിൽ കുമാറും ചേർന്ന് തലീശ്വരൻ ഉദ്ഘാടനം ചെയ്യും. പെറ്റ ഇന്ത്യ ക്ഷേത്രങ്ങൾക്ക് സംഭാവന ചെയ്യുന്ന പതിനൊന്നാമത്തെ ലാൻഡ്‌മാർക്കായ മെക്കാനിക്കൽ ആനയാണ് തലീശ്വരൻ, കൊടുങ്ങല്ലൂർ മേഖലയിലെ ആദ്യത്തേതാണ് . പെറ്റ ഇന്ത്യയുടെ കാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ ഒരു ക്ഷേത്രം ആലിംഗനം ചെയ്യുന്ന ഏഴാമത്തെതാണ് ഈ ആന.മുനിസിപ്പൽ ചെയർപേഴ്‌സൺ ഗീത ടി.കെ.; വാർഡ് അംഗം ജൈത്രൻ; മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് സജീവൻ; നെടിയത്തലി ശ്രീ ശിവക്ഷേത്രം പ്രസിഡന്റ് സുരേഷ് ബാബു എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടക്കുക. ക്ഷേത്ര ഭക്തരും ഉണ്ടാവും.ഉദ്ഘാടന ചടങ്ങിനുശേഷം പഞ്ചാരി മേളം അരങ്ങേറും.രുചികരമായ വീഗൻ ഉച്ചഭക്ഷണം വിളമ്പുമെന്ന് പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് ഇന്ത്യ (പെറ്റ ഇന്ത്യ) ഭാരവാഹികൾ പറഞ്ഞു.

ഇന്ന് യഥാർത്ഥ ആനകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷിക്കാനാണ് യാന്ത്രിക ആനകൾക്ക് രൂപം നൽകിയത്.അതോടെ യഥാർത്ഥ ആനകൾക്ക് അവരുടെ കുടുംബങ്ങളോടൊപ്പം വനത്തിലെ വീടുകളിൽ കഴിയാനും നിരന്തരം ചങ്ങലയ്ക്കിടുകയും ആയുധങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുകയും പ്രകൃതിദത്തവും പ്രധാനപ്പെട്ടതുമായ എല്ലാം നിഷേധിക്കപ്പെടുകയും ചെയ്യുന്നതിന്റെ കഷ്ടപ്പാടുകളിൽ നിന്ന് രക്ഷപ്പെടാനും കഴിയുമെന്നാണ് പെറ്റ ഇന്ത്യ ഭാരവാഹികൾ പറഞ്ഞത്.

ഇതിനുമുമ്പ് പെറ്റയും നടി പാർവതി നായരും ചേർന്ന് കേരളത്തിന് ഒരു മെക്കാനിക്കൽ ആനയെ സമ്മാനിച്ചിട്ടുണ്ട് . യഥാർത്ഥ ആനകൾക്ക് ഒരു ബദലാണ് മെക്കാനിക്കൽ ആനകൾ . ഇന്ത്യയിലെ ക്ഷേത്ര ചടങ്ങുകളിൽ അടുത്തകാലത്തായി മെക്കാനിക്കൽ ആനകളെ കൂടുതലായി ഉപയോഗിക്കുന്നുണ്ട് . യഥാർത്ഥ ആനകളുടെ ചലനങ്ങളും രൂപഭാവങ്ങളും അനുകരിക്കുന്നതിനാണ് ഈ റോബോട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് ആചാരങ്ങളിലും ഘോഷയാത്രകളിലും പങ്കെടുക്കാൻ അനുവദിക്കുന്നു. അവ സാധാരണയായി റബ്ബർ, ഫൈബർ, ലോഹം, മെഷ്, ഫോം, സ്റ്റീൽ എന്നിവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ ഇലക്ട്രിക് മോട്ടോറുകളാൽ പ്രവർത്തിപ്പിക്കപ്പെടുന്നു.

നേരത്തെ ബോളിവുഡ് നടൻ സുനിൽ ഷെട്ടി കർണാടകയിലെ ശ്രീ ഉമാമഹേശ്വര വീരഭദ്രേശ്വര ക്ഷേത്രത്തിന് ഒരു പൂർണ്ണ വലുപ്പത്തിലുള്ള മെക്കാനിക്കൽ ആനയെ സമ്മാനമായി നൽകിയിരുന്നു . യഥാർത്ഥ ആനകളുടെ ആവശ്യകതയ്ക്ക് പകരം, കൂടുതൽ മൃഗ സൗഹൃദപരമായ രീതിയിൽ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഉമാമഹേശ്വര എന്ന് പേരിട്ട മെക്കാനിക്കൽ ആനയെ ക്ഷേത്രത്തിൽ സ്വീകരിച്ചത്. ഈ പദ്ധതിയിൽ സുനിൽ ഷെട്ടി പെറ്റ ഇന്ത്യയുമായും സിയുപിഎയുമായും സഹകരിച്ചു.