ലൗ ജിഹാദ് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണം : ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്

എറണാകുളം ജില്ലയിലെ കോതമംഗലത്തെ പെൺകുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ലൗ ജിഹാദ് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്ന് അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനത്തിന് പാനായിക്കുളത്ത് പൂട്ടിയിട്ട് പീഡിപ്പിച്ചു എന്നും പെൺകുട്ടിയുടെ മൊഴിയുണ്ടായിട്ടും പോലീസ് ഈ വിഷയത്തിൽ കേസെടുക്കാൻ നിയമമില്ല എന്നാണ് പറയുന്നത്.

ലൗ ജിഹാദിന് എതിരെ കേസെടുക്കാൻ നിയമമില്ല എങ്കിൽ അതിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കുവാൻ കേരള നിയമസഭ നിയമം പാസാക്കണം എന്ന് അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.

ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങൾക്ക് പിണറായി സർക്കാർ രാഷ്ട്രീയ പരിരക്ഷ നൽകുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ലൗ ജിഹാദ് എന്നത് യാഥാർത്ഥ്യമാണെന്ന് സമൂഹത്തിന് ബോധ്യമാണെങ്കിലും എഫ്ഐആറിലോ കോടതി പരാമർശത്തിലോ ലൗ ജിഹാദ് എന്ന വാക്ക് പരാമർശിച്ചിട്ടില്ല. വാക്ക് ഏതെന്ന് സർക്കാർ തീരുമാനിക്കട്ടെ പക്ഷേ പ്രണയം നടിച്ച് ചതിക്കുഴിയിൽ ആക്കി, നിർബന്ധിതമായി മതംമാറ്റ കേന്ദ്രത്തിലെത്തിച്ചു മതം മാറ്റുന്നു. ഇത് അംഗീകരിക്കാൻ ആവില്ല.

പെൺകുട്ടിയുടെ മൊഴിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാരന്റെ ബന്ധുക്കൾ മാത്രമല്ല മറ്റു ചിലർക്കും പെൺകുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് വ്യക്തമാണ്. എന്നാൽ പോലീസ് ഇതുവരെ വിഷയത്തിൽ അന്വേഷണം ആ രീതിയിൽ നടത്തിയിട്ടില്ല. പെൺകുട്ടി മരിച്ചുകഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ റമീസിന്റെ മാതാപിതാക്കൾ ആ വീട്ടിൽ ഉണ്ടായിരുന്നു, അവരെ ഇതുവരെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായിട്ടില്ല. അവർക്ക് രക്ഷപ്പെടാനുള്ള സാഹചര്യവും പോലീസ് ഒരുക്കിക്കൊടുത്തു. അവരെല്ലാവരും പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷണത്തിലാണ്. പൊന്നാനിയിലും പൈങ്ങോട്ടൂരിലുമുള്ള മതപരിവർത്തന കേന്ദ്രങ്ങളെപ്പറ്റിയും അവയുടെ പ്രവർത്തനത്തെപ്പറ്റിയും അന്വേഷിക്കാൻ തയ്യാറാവണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു.

കൊട്ടാരക്കരയിൽ 296 ബി, 351, 78 വകുപ്പുകൾ പ്രകാരം കേസെടുത്ത സമാനസംഭവം ഉണ്ടായിട്ടും ഇതുവരെ പോലീസ് പ്രതിയെ പിടിക്കാൻ തയ്യാറായിട്ടില്ല. അംഗവൈകല്യമുള്ള കുട്ടിയെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചത് ഗൗരവപരമായ കാര്യമാണ്. ഈ വിഷയത്തിലും പോലീസിന് കേസെടുക്കാൻ നിയമമില്ല. കേരളത്തിലെ പെൺകുട്ടികൾക്ക് ലൗ ജിഹാദിൽ നിന്ന് സംരക്ഷണം ഒരുക്കുന്നതിന് കേരള നിയമസഭ നിയമനിർമാണം നടത്തണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെടുന്നു.

ലൗ ജിഹാദ് എന്ന് പേരിടാൻ മടിയാണെങ്കിൽ സർക്കാർ ഇഷ്ടപ്പെട്ട പേരിട്ടോ പക്ഷേ വിഷയത്തിൽ തീരുമാനം ഉണ്ടാവണം. ഈ വിഷയത്തിൽ പ്രതിയായ രമീസിന്റെ അടുത്ത ബന്ധുക്കളാണ് ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതികൾ. തീവ്രവാദബന്ധത്തെപ്പറ്റിയോ ഈ വിഷയത്തിലെ തീവ്രവാദ സംഘടനകളുടെ ഇടപെടലുകളെപ്പറ്റിയോ അന്വേഷിക്കുവാൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല.

പെൺകുട്ടിയുടെ കുടുംബം എൻഐഎ അന്വേഷണം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. എത്ര കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചാലും നിർബന്ധിത മതപരിവർത്തനത്തിനുള്ള ആസൂത്രിത നീക്കം കേരളത്തിൽ നടക്കുന്നുണ്ട് എന്നത് സത്യമാണ്. ഇനി ഒരു പെൺകുട്ടിക്ക് പോലും ഈ ഗതി ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കേരള സർക്കാരും സംസ്ഥാന നിയമസഭയും തയ്യാറാവണം എന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.