നിര്‍മാതാക്കളുടെ സംഘടനയിലെ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികവന്നതോടെ തെരെഞ്ഞെടുപ്പ് രംഗം ചൂടാവുന്നു.സംഘടിതരും അസംഘടിതരും തമ്മിലാണ് മത്സരമെന്നതാണ് പ്രധാന സവിശേഷത.സംഘടിതരെ തിരുവനന്തപുരം ലോബിയെന്നും നായർ ലോബിയെന്നും എതിരാളികൾ വിളിക്കുന്നുണ്ട്.ഈ ലോബിയെ പ്രധാനമായും നയിക്കുന്നത് നടി മേനകയുടെ ഭർത്താവ് സുരേഷ് കുമാർ ജി ,കല്ലിയൂർ ശശി(ഇപ്പോൾ ഇദ്ദേഹം സ്വാതന്ത്രനാണെങ്കിലും തിരു ലോബിയുടെ ആളാണ് ) ,നടി ചിപ്പിയുടെ ഭർത്താവായ രഞ്ജിത്ത് ,സുരേഷ്‌കുമാറിന്റെ ബന്ധുവായ സന്ദീപ് മേനോൻ,ബി രാകേഷ് ,വിശാഖ് എന്നിവരാണ് .

തിരുവനന്തപുരം ലോബിക്കെതിരെയുള്ള വികാരം ശക്തമാണെങ്കിലും എതിർപക്ഷത്ത് ശക്തമായ കൂട്ടായ്‌മയുടെ അഭാവം ഉണ്ട്.വിനയനെ പോലുള്ള ശക്തൻ തിരുവനന്തപുരം ലോബിക്കെതിരെ രംഗത്തുണ്ട് .അതാണ് തിരുവനന്തപുരം ലോബിയെ ഭയപ്പെടുത്തുന്നത്..കുറച്ചു നാളുകളായി തിരുവനന്തപുരം ലോബിയുടെ കൈയിലാണ് മലയാള സിനിമ നിർമാതാക്കളുടെ സംഘടനയുടെ നിയന്ത്രണം. അതിൽ നിന്നും സംഘടനയെ മോചിപ്പിക്കണമെങ്കിൽ വിനയനെ സെക്രട്ടറിയായി തെരഞ്ഞെടുക്കണം.
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പും ഈ മാസമാണ് നടക്കുക.ഓഗസ്റ്റ് 16 നാണ് അമ്മയുടെ തെരെഞ്ഞെടുപ്പ്.അതേസമയം നിര്‍മാതാക്കളുടെ സംഘടനയായ കെ എഫ് പി എ യിൽ ഓഗസ്റ്റ് 14നാണ് വോട്ടെടുപ്പ്.

നിലവിലെ ജനറല്‍ സെക്രട്ടറി ബി രാകേഷ് ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിരിക്കുന്നത്. യൂണിവേഴ്‌സൽ ഫിലിം കമ്പനിയുടെ ഉടമയാണ് ഇദ്ദേഹം.എതിർ സ്ഥാനാർഥി നന്ത്യാട്ട് ഫിലിമിസിന്റെ സജി നന്ത്യാട്ട് എന്ന ജേക്കബ് മാത്യുവാണ് .നിലവിൽ ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറിയാണ് സജി നന്ത്യാട്ട് . തിരുവന്തപുരം ലോബിയുടെ സ്ഥാനാർഥി ബി രാകേഷ് ആണ് .
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീക്കെൻഡ് ബ്ലോക്ക് ബുസ്റ്റർസ് കമ്പനിയുടെ സോഫിയ പോള്‍, ഉർവശി തിയ്യേറ്റേഴ്സിന്റെ സന്ദീപ് സേനൻ എന്ന സന്ദീപ് സി നായർ , യെസ് സിനിമ കമ്പനിയുടെ ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. രണ്ട് വൈസ്പ്രസിഡന്റുമാരെ തെരഞ്ഞെടുക്കാം.ഇതിൽ തോൽക്കാൻ സാധ്യത ആനന്ദ് പയ്യന്നൂര്‍ ആണെന്ന് പറയപ്പെടുന്നു.സോഫിയ പോളും സന്ദീപ് സി നായരും തിരുവനന്ദപുരം ലോബിയാണ്.

സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നു പേരാണ് മത്സരിക്കുന്നത്.യുണൈറ്റഡ് വിഷൻ കമ്പനിയുടെ കല്ലിയൂർ ശശി ,മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിൻ സ്റ്റിഫൻ,ആകാശ് ഫിലിംസിന്റെ വിനയൻഎന്നിവർ തമ്മിലാണ് മത്സരം.വിനയൻ സംവിധായകൻ കൂടിയാണ്.ലിസ്റ്റിൻ സ്റ്റിഫൻ ആണ് തിരുവനന്തപുരം ലോബി പിന്തുണക്കുന്നത്.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മൂന്ന് പേർ തമ്മിലാണ് മത്സരം.അനന്യ ഫിലിംസിന്റെ ആൽവിൻ ആന്റണി,യെസ് സിനിമ കമ്പനിയുടെ ആനന്ദ് കുമാർ,കലാസംഘം കമ്പനിയുടെ ഹംസ എം എം എന്നിവരാണ്.

ട്രഷർ സ്ഥാനത്തേക്ക് നന്ത്യാട്ട് ഫിലിമിസിന്റെ സജി നന്ത്യാട്ട് എന്ന ജേക്കബ് മാത്യു മത്സരിക്കുന്നു .അദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥി വർണചിത്ര കമ്പനിയുടെ സുബൈർ എൻ പി യാണ് .
14 അംഗ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് 26 പേരാണ് മത്സരിക്കുന്നത്.അബ്ദുൽ അസീസ് കെ എം ,എബ്രഹാം മാത്യു,അബുബക്കർ എം ടി ,ചന്ദ്രൻ ആർ ,അനിൽ മാത്യു,ആന്റണി മാത്യു,ഗിരീഷ് വൈക്കം,ജോബി ജോർജ്,കൃഷ്ണകുമാർ (ഉണ്ണി),മേനോൻ വിബികെ,മുകേഷ് ആർ മേത്ത ,ഒസേപ്പച്ചൻ,ഫിലിപ് എം സി,രമേശ് കുമാർ കെ ജി,സജിത്ത് കുമാർ,സന്തോഷ് പവിത്രം,ശശീന്ദ്ര വർമ ,ഷെർഗ സന്ദീപ്,സിയാദ് കോക്കർ സുബ്രഹ്മണ്യൻ എസ് എസ് ടി ,സുരേഷ് കുമാർ ജി,തിലകേശ്വരി (ഷീല കുര്യൻ ) തോമസ് ജോസഫ് പട്ടത്താനം ,വൈശാഖ് സുബ്രഹ്മണ്യം എന്നിവരാണ്.
തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സാന്ദ്ര സമര്‍പ്പിച്ച പത്രികയിൽ മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്ന് പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക തള്ളി. ഇതേ തുടര്‍ന്ന് സാന്ദ്ര എറണാകുളം സബ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.കോടതി വിധി സാന്ദ്ര തോമസിനനുകൂലമായാൽ തെരഞ്ഞെടുപ്പിന്റെ സ്വഭാവം തന്നെ മാറിയെന്നു വരാം .
ഇത്തവണ നിർമാതാക്കളുടെ സംഘടനയിൽ ഒരു മാറ്റം മിക്കവാറും അംഗങ്ങൾ ആഗ്രഹിക്കുന്നുണ്ട്.തിരുവനന്തപുരം ലോബി സെക്രട്ടറി ഒഴികെയുള്ള സ്ഥാനങ്ങളിൽ ജയിക്കുമെന്നാണ് പൊതുവെ അംഗങ്ങൾ പറയുന്നത്. സെക്രട്ടറിയായി വിനയൻ ജയിക്കണമെന്ന് പല അംഗങ്ങളും ആഗ്രഹിക്കുന്നുണ്ട്.അതോടെ തിരുവനന്തപുരം ലോബിയെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് പലരും ചർച്ച ചെയ്യുന്നത്.നിർമാതാക്കളുടെ സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്ന ആന്റോ ജോസഫ് ഇക്കുറി നിശബ്ദനാണ് .ആന്റണി പെരുമ്പാവൂർ തിരുവനന്തപുരം ലോബിയോടോപ്പമാണെന്ന് പറയപ്പെടുന്നു.ഇത് ആരെ സഹായിക്കുമെന്നാണ് പലരും ഉറ്റു നോക്കുന്നത്.നിർമാതാക്കളുടെ സംഘടനയിൽ 325 അംഗങ്ങളാണ് ഉള്ളത്.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കല്ലിയൂർ ശശിയെ തൽക്കാലം തിരുവനന്തപുരം ലോബി പിന്തുണക്കുന്നില്ല.

സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ വിനയനാണ് ഇപ്പോൾ മുൻതൂക്കം .സെക്രട്ടറി സ്ഥാനം മാത്രം തിരുവനന്തപുരം ലോബിയിൽ നിന്നും പിടിച്ചെടുക്കണമെന്നാണ് പല അംഗങ്ങളുടെയും ആഗ്രഹം.ആന്റോ ജോസഫ് ,രഞ്ജിത്ത്,സുരേഷ്‌കുമാർ ജി എന്നിവരെപോലുള്ളവർക്ക് ഏതാണ്ട് അഞ്ചോളം വോട്ടുകളുണ്ട്.ഇവർക്ക് നിരവധി ഫിലിം കമ്പനികളുണ്ട് .അതിനാലാണ് അഞ്ചോളം വോട്ടുകളുള്ളത്.ഒന്നിലധികംവോട്ടുകൾ ഉള്ളത് തിരുവനന്തപുരം ലോബിയിലുള്ളവർക്കാണ്.അതുകൊണ്ടാണ് അവർ കഴിഞ്ഞ കാലങ്ങളിൽ ഏകപക്ഷീയമായ വിജയം നേടിയത് .എന്തുകൊണ്ടാണ് തിരുവനന്ദപുരം ലോബി 325 അംഗങ്ങൾ മാത്രമുള്ള ഒരു സംഘടന പിടിച്ചെടുക്കാൻ വലിയ അധ്വാനവും ,ചെലവും നടത്തുന്നത് ? അതുകൊണ്ടാണ് സാന്ദ്ര തോമസ് പറഞ്ഞ കാര്യങ്ങളിൽ ചില സത്യങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാൻ നിർബന്ധിതരാവുന്നതെന്ന് ഒരു അംഗം ഗ്രീൻ കേരള ന്യൂസിനോട് വെളിപ്പെടുത്തി.
മോഹൻലാൽ,മമ്മൂട്ടി,ദിലീപ് തുടങ്ങിയ നടന്മാർക്കും നിർമാതാക്കളുടെ സംഘടനയിൽ വോട്ടുകൾ ഉണ്ട്.ഇവരിൽ പലരും ഇപ്പോൾ വിനയനെ എതിർക്കുന്നില്ല.അതിനാൽ മേനക സുരേഷിന്റെ പിടിയിൽ നിന്നും നിർമാതാക്കളുടെ സംഘടനയെ വിനയൻ മോചിപ്പിക്കുമോ ? എന്ന ചോദ്യം ഉയർന്നു തുടങ്ങി.