ബോംബ് സ്‌ഫോടനം :വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ്;ആരാണ് അനൂപ്

കണ്ണൂര്‍ കീഴറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ് അനൂപ് മാലിക്ക് എന്ന് പൊലീസ് പറഞ്ഞു . മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടികുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. അതേസമയം, മരിച്ചത് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയെന്നാണ് സൂചന. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറുകയായിരുന്നു. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌ഫോടനം നടന്ന വീട്. ഇവിടെ രണ്ടു പേരാണ് താമസിച്ചിരുന്നത്.

സ്‌ഫോടനം നടന്ന വാടക വീട്ടില്‍ നിന്നും പൊട്ടാത്ത നാടന്‍ ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും വലിയ തോതില്‍ നാശനഷ്്ടമുണ്ടായി.

അതിനിടെ കണ്ണപുരത്ത് ഒരാള്‍ മരിക്കാനിടയായ സ്‌ഫോടനം ഉഗ്രശേഷിയുള്ള ഗുണ്ട് പൊട്ടിയാണെന്നും അവിടെ ബോംബല്ല പൊട്ടിയതെന്നും ബിനീഷ് കോടിയേരി ഫേസ് ബുക്കില്‍ കുറിച്ചു. യാഥാര്‍ഥ്യം വളച്ചൊടിക്കുന്ന കോണ്‍ഗ്രസ് സൈബര്‍ സംഘങ്ങളുടെ പച്ച നുണപ്രചരണം ജനം തിരിച്ചറിയണം. ബോംബ് നിര്‍മാണത്തിനിടെ സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. പടക്കക്കരാറുകാരനായ കോണ്‍ഗ്രസ് അനുഭാവി അനൂപ് മാലിക് എന്നയാളുടെ വീടിന് സമീപത്താണ് സ്‌ഫോടനം നടന്നത്. രാഷ്ട്രീയ ലാഭം നേടാന്‍വേണ്ടി കള്ളപ്രചരണം നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അനൂപ് മാലിക്കിന്റെ രാഷ്ട്രീയ ബന്ധത്തെച്ചൊല്ലി പരസ്പരം ആരോപണവുമായി സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി. അനൂപ് കോണ്‍ഗ്രസിന്റെ അടുത്ത ആളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ആരോപിച്ചു. എന്നാല്‍, അനൂപിന് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.