നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയും (ജെഇഐ) അതിന്റെ അനുബന്ധ സ്ഥാപനമായ ഫലാഹ്-ഇ-ആം ട്രസ്റ്റും (എഫ്എടി) നടത്തുന്ന 215 സ്കൂളുകൾ ഏറ്റെടുക്കാൻ ജമ്മു കശ്മീർ സർക്കാർ ഉത്തരവിട്ടു . സ്കൂളുകളുടെ നടത്തിപ്പ് ജില്ലാ മജിസ്ട്രേറ്റുകൾ ഏറ്റെടുക്കുമെന്നും, തുടർന്ന് അവർ പുതിയ മാനേജ്മെന്റ് കമ്മിറ്റി നിർദ്ദേശിക്കുമെന്നും വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനായാണ് സ്കൂളുകളുടെ മാനേജിംഗ് കമ്മിറ്റികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

2019 ഫെബ്രുവരി 28 നും തുടർന്ന് 2024 ഫെബ്രുവരി 27 നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ജമാഅത്തെ ഇസ്ലാമിയെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ജമാഅത്ത്-ഇ-ഇസ്ലാമി/ഫലാഹ്-ഇ-ആം ട്രസ്റ്റ് എന്നിവയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള നിരവധി സ്കൂളുകൾ ഇന്റലിജൻസ് ഏജൻസികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇത്തരത്തിലുള്ള 215 സ്കൂളുകളുടെ മാനേജിംഗ് കമ്മിറ്റികളുടെ സാധുത കാലഹരണപ്പെട്ടു എന്നും ഉത്തരവിൽ പറയുന്നു.

ഇന്നലെ (23 -08 -2025 ) രാവിലെ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും, അതത് അടുത്തുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരും, പോലീസ് സംഘങ്ങളും ഈ സ്കൂളുകളിൽ എത്തിയതോടെ സ്കൂളുകളുടെ മാനേജ്മെന്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്‌തു .
അഡ്മിനിസ്ട്രേറ്റീവ് ടീമുകൾ സ്കൂളുകളുടെ ചുമതല ഏറ്റെടുക്കുകയും അവയുടെ രേഖകളും അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കുകയും ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.