ഹോം ലോൺ എടുക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് എടുക്കണമെന്ന് നിർബന്ധമുണ്ടോ?

ഹോം ലോൺ എടുക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് എടുക്കണമെന്ന് നിർബന്ധമുണ്ടോ?മിക്കവരുടെയും സംശയമാണിത് .എന്നാൽ വീട്, ഫ്ലാറ്റ് മുതലായ വാങ്ങുവാൻ ഹോം എടുക്കുമ്പോൾ, നിർബന്ധമായും ഇൻഷുറൻസ് എടുക്കേണ്ടതില്ല.

ഹോം ലോണിന് അനുബന്ധമായി ഇൻഷുറൻസ് എടുക്കണമെന്നുള്ള നിർദ്ദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയിട്ടില്ല.എന്നാൽ മിക്കവാറും ബാങ്കുകൾ ഇൻഷൂറൻസ് എടുപ്പിക്കാറുണ്ട് . ലോൺ എടുക്കുമ്പോൾ ബാങ്കിന് നൽകുന്ന പൂരിപ്പിച്ച അപേക്ഷയുടെ ഒരു കോപ്പി ബാങ്കിന്റെ ചെലവിൽ ഉപഭോക്താവിന് നൽകേണ്ടതാണ്. അതിൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട കോളം ഉണ്ടോ എന്ന് ശ്രദ്ധിക്കുക.

ബാങ്ക് ഉപഭോക്താവിനെ നിർബന്ധിച്ച് ഇൻഷുറൻസ് എടുപ്പിക്കുവാൻ പാടുള്ളതല്ല. ഇൻഷുറൻസ് എടുക്കണമെങ്കിൽ തന്നെ ബാങ്ക് നിർദ്ദേശിക്കുന്ന കമ്പനിയെതന്നെ തിരഞ്ഞെടുക്കണമെന്നില്ല. ആരാണോ പ്രീമിയം കുറച്ചു നൽകുന്നത് ആ കമ്പനിയെ തിരഞ്ഞെടുക്കാം.

കടമെടുക്കുന്ന ആൾ മരണപ്പെട്ടാൽ ഇൻഷുറൻസ് തുക ബാങ്കിന് നൽകേണ്ടതാണ്. ഒരിക്കലും ഇൻഷുറൻസ് പോളിസി ബാങ്കിന്റെ കൈവശം സൂക്ഷിക്കുവാൻ ഏൽപ്പിക്കരുത്. ഏതെങ്കിലും കാരണവശാൽ ബാങ്കിന്റെ പാർട്ണറായ ഇൻഷുറൻസ് കമ്പനിയാണ് പോളിസി എടുപ്പിക്കുന്നത് എങ്കിൽ, ബാങ്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് ഇഷൂറൻസ് കമ്പനിക്ക് കൊടുത്തിട്ടുള്ളതെങ്കിൽ പോളിസിയും, നഷ്ടപരിഹാര തുകയും വാങ്ങി തരേണ്ട ഉത്തരവാദിത്വം ബാങ്കിനുണ്ട്. ലോൺ എടുത്ത ആൾ ഏതെങ്കിലും രീതിയിൽ മരണപ്പെടുകയാണെങ്കിൽ, നഷ്ടപരിഹാരം നൽകുവാൻ എന്ന മട്ടിൽ ബാങ്ക്/ ഇൻഷുറൻസ് കമ്പനി നൽകുന്ന ഫോമുകളിൽ വായിച്ചു നോക്കാതെ ഒപ്പിട്ടു കൊടുക്കരുത്.

ഒട്ടുമിക്ക ന്യൂ ജനറേഷൻ ബാങ്കുകളും നോൺ ബാങ്കിംഗ് കമ്പനികളും ലോൺ എടുക്കുമ്പോൾ വലിയ ഇൻഷുറൻസ് തുക ഉപഭോക്താവിന്റെ കൈയിൽ നിന്ന് വാങ്ങുന്നുണ്ടെങ്കിലും പണം ഇൻഷുറൻസ് കമ്പനിക്ക് നൽകാതെ പറ്റിക്കുന്നുണ്ട്. രണ്ടും മൂന്നുലക്ഷം രൂപ ഇൻഷുറൻസിന് വേണ്ടിയാണ് എന്ന അറിയിച്ചുകൊണ്ട് പണം കൈപ്പറ്റിയാൽ അത് മാനേജ്മെന്റ് അറിയണമെന്നില്ല. കാരണം പോളിസി ഹോൾഡറുടെ മരണ ശതമാനം വളരെ കുറവാണ്.

(തയ്യാറാക്കിയത്.Adv.K. B Mohanan.
9847445075 )