അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം;ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല;അമിത്ഷാ വാക്ക് പാലിച്ചു

ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല,അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടി. ജാമ്യം ലഭിച്ചതില്‍ നന്ദി പറഞ്ഞ് കന്യാസ്ത്രീകളുടെ കുടുംബം. ജാമ്യം ലഭിച്ചത് ആശ്വാസകരമെന്ന് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെയും സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളം കാത്തിരുന്ന വിധിയാണെന്ന് രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചു. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രണ്ടുപേര്‍ ജാമ്യം നില്‍ക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ട യുഡിഎഫ് നേതാക്കൾക്ക് ഛത്തീസ്‌ഗഢ് സർക്കാർ ജാമ്യത്തെ എതിർക്കില്ലെന്ന് ഉറപ്പു നൽകിയിരുന്നു.അതാണ് നടപ്പിലായായത് .

എല്ലാവരും ആഗ്രഹിച്ച നിമിഷമാണ് ഇതെന്നായിരുന്നു അങ്കമാലി എംഎല്‍എ റോജി എം ജോണിന്റെ പ്രതികരണം. ഇവരുടെ വിഷമം എല്ലാദിവസവും തങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ജാമ്യം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെതിരെ എടുത്ത കേസ് എത്രയും വേഗം റദ്ദ് ചെയ്യണമെന്ന് ജോണ്‍ബ്രിട്ടാസ് എംപി പറഞ്ഞു. ജാമ്യം ലഭിക്കുംവരെ ഇവിടെ നില്‍ക്കുമെന്ന് കന്യാസ്ത്രീകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ഥനയുടെ ഫലം കണ്ടുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചതില്‍ സന്തോഷം ഉണ്ട്. നീതിയും ന്യായവും അവരുടെ ഭാഗത്തായിട്ടുപോലും ഛത്തീസ്ഗഡ് സര്‍ക്കാര്‍ അവരെ വേട്ടയാടിയതായും അദ്ദേഹം പറഞ്ഞു. ഒന്‍പത് ദിവസമായി ഇന്ത്യ കണ്ട പ്രത്യേക പോരാട്ടമാണ് ഛത്തീസ്ഗഡില്‍ കണ്ടതെന്നും കെസി പറഞ്ഞു.

എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. രാഷ്ട്രീയ സാമൂഹിക മേഖലയിലെ വിവിധ വ്യക്തികള്‍ ജാമ്യം ലഭിക്കാന്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചു. വേണ്ട രീതിയില്‍ ഇടപെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍കക്ക് നന്ദി. കേസ് എത്രയും വേഗം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനപ്രകാരം നല്‍കപ്പെട്ട മതസ്വാതന്ത്യം ധ്വംസിക്കപ്പെടരുത്. ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമാണ് രാജ്യത്തെ വിവിധ ഇടങ്ങളില്‍ കാണുന്നത്. ക്രിസ്ത്യന്‍ സമൂഹം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ല. പൗരന്‍മാര്‍ എന്നനിലയില്‍ ഭരണഘടന അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ ആവശ്യമായ നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകുന്നത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല. കോടതി ഉത്തരവ് ജയിലില്‍ എത്തുന്നതോടെ ഇവര്‍ ജയില്‍ മോചിതരാകും.