ഗാസ പൂർണമായും പിടിച്ചെടുക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ഇസ്രയേൽ സൈന്യം

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ മുനമ്പ് പൂർണ്ണമായും കൈവശപ്പെടുത്താനുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ പോകുന്നുവെന്ന് ഇസ്രായേൽ മാധ്യമങ്ങൾ . ഇതിനെച്ചൊല്ലി സൈന്യവും പ്രധാനമന്ത്രിയും തമ്മിൽ ശക്തമായ അനൈക്യം ഉടലെടുത്തിട്ടുണ്ട്. ഗാസ പൂർണ്ണമായും പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ തീരുമാനത്തെച്ചൊല്ലിയാണ് സർക്കാരിലും സൈന്യത്തിലും അഭിപ്രായ ഭിന്നത രൂക്ഷമായിട്ടുള്ളത്.

ഇസ്രയേൽ പ്രതിരോധ സേനാ മേധാവി ഇയാൽ സമീർ ഈ നീക്കത്തിനെതിരെ ശക്തമായ നിലപാടെടുത്തതോടെയാണ് തർക്കം പരസ്യമായത്.

ഗാസ പൂർണ്ണമായി പിടിച്ചടക്കുന്നത് സൈന്യത്തിന് ഒരു “കുടുക്ക്” ആയിരിക്കുമെന്ന് സമീർ മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ബന്ദികളുടെ ജീവൻ കൂടുതൽ അപകടത്തിലാക്കുമെന്നും, നിലവിൽ കനത്ത സമ്മർദ്ദത്തിലുള്ള സൈനികരെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം, ഗാസയുടെ പ്രധാന ഭാഗങ്ങൾ വളഞ്ഞുകൊണ്ട് ഹമാസിനെതിരെയുള്ള ആക്രമണങ്ങൾ തുടരാമെന്നാണ് സൈനിക നേതൃത്വത്തിന്റെ നിലപാട്.

ഈ വിഷയത്തിൽ പ്രധാനമന്ത്രി നെതന്യാഹുവും ഇയാൽ സമീറും തമ്മിൽ നടന്ന സുരക്ഷാ യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഗാസ പിടിച്ചടക്കാനുള്ള പദ്ധതി തയ്യാറാക്കി മന്ത്രിസഭയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ നെതന്യാഹു സൈനിക മേധാവിയോട് ആവശ്യപ്പെട്ടു. എന്നാൽ, താൻ ഇതിനകം അത്തരം പദ്ധതികൾ അവതരിപ്പിച്ചതാണെന്ന് സമീർ മറുപടി നൽകി. പദ്ധതികളിൽ മാറ്റങ്ങൾ വരുത്തി വീണ്ടും അവതരിപ്പിക്കാൻ നെതന്യാഹു ആവശ്യപ്പെട്ടതായും വാർത്തകളുണ്ട്.