സാന്ദ്ര തോമസും വിനയനും സജി നന്ത്യാട്ടും നിർമാതാക്കളുടെ സംഘടനയെ നയിക്കുമോ ?

നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ (KFPA) തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 14 എറണാകുളം അബാദ് പ്ലാസയിൽ നടക്കുകയാണ്.ശക്തമായ മത്സരമാണ് നടക്കുന്നത് .രാഷ്ട്രീയക്കാരെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും.

നടി മേനകയുടെ ഭർത്താവ് സുരേഷ് കുമാർ ജി നയിക്കുന്ന പാനലിനെ എതിർ വിഭാഗം തിരുവനന്തപുരം ലോബിയെന്നും നായർ ലോബിയെന്നും വിളിക്കുന്നുണ്ട്.ഈ ലോബിയാണ് കുറച്ചു കാലമായി നിർമാതാക്കളുടെ സംഘടനയിൽ ആധിപത്യം നേടിയിട്ടുള്ളത്.ഇവരെ എതിർക്കുന്നവർ സംഘടിതരുമല്ല.അതുകൊണ്ട് എല്ലാ തെരഞ്ഞെടുപ്പിലും തിരുവന്തപുരം ലോബിയാണ് വിജയിക്കുന്നത്.

ഇത്തവണ അതിനൊരു മാറ്റം വേണമെന്നാണ് തിരുവനന്തപുരം ലോബിയെ എതിർക്കുന്നവർ അവകാശപ്പെടുന്നത്.തിരുവനന്തപുരം ലോബി പാനൽ ഇറക്കിയാണ് മത്സരിക്കുന്നത്.അവരെ എതിർക്കുന്നവർ തനിച്ചാണ് മത്സരിക്കുന്നത്.വിനയൻ ,സാന്ദ്ര തോമസ് ,സജി നന്ത്യാട്ട് എന്നിവരാണ് തിരുവനന്തപുരം ലോബിയെ ശക്തമായി എതിർക്കുന്നത്.സാന്ദ്ര തോമസിന്റെ പത്രിക തള്ളിയതോടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം ലോബിക്ക് വിജയിക്കാൻ കഴിഞ്ഞു.

തന്റെ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചിട്ടുണ്ട്.കോടതി സാന്ദ്രയുടെ വാദങ്ങൾ അംഗീകരിച്ചാൽ തള്ളിയ പത്രിക സ്വീകരിക്കേണ്ടി വരും അത് തിരുവനന്തപുരം ലോബിക്ക് കനത്ത തിരിച്ചടിയാവും.അതോടെ ഈ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോബിക്ക് പരാജയ ഭീഷണിയുണ്ട്.അവരുടെ സെക്രട്ടറി സ്ഥാനാർഥിയായ ലിസ്റ്റിൻ സ്റ്റീഫൻ വിനയനോട് തോൽക്കുമെന്ന് പ്രചാരണം ശക്തമാണ്.325 അംഗങ്ങളുള്ള ഈ സംഘടനയിൽ പതിവിനു പിവിപരീതമായി കടുത്ത മത്സരമാണ് നടക്കുന്നത്.

തിരുവനന്തപുരം ലോബിക്കെതിരെ വാട്സാപ്പിലൂടെ പല ആരോപണങ്ങളും ഉയരുന്നുണ്ട്.അത് സംബന്ധിച്ച് പ്രചരണത്തിനുള്ള ഒരു കുറിപ്പ് ഇങ്ങനെയാണ്.

“പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ തിരഞ്ഞെടുപ്പ് തിരക്കഥയും നാടകവും ഗംഭീരം. സത്യം വിളിച്ചു പറയാൻ ധൈര്യം കാണിച്ച ഒരംഗത്തിനെതിരെ അതും ഒരു സ്ത്രീയ്ക്കെതിരെ കടൽക്കിഴവന്മാരുടേയും സിൽബന്ധികളുടേയും ഒന്നിച്ചുള്ള ആക്രോശം അതിനേക്കാൾ ഗംഭീരം. മുഴുവൻ ചാനലുകാരുടേയും മുമ്പിൽ വെച്ച് പരസ്യമായി സാന്ദ്ര തോമസിനെതിരെ കൈ പൊക്കി ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന ഇവരുടെയൊക്കെ തനിസ്വഭാവം അധികമാരും ഇല്ലാത്ത യോഗങ്ങളിൽ എങ്ങിനെയായിരിക്കും എന്ന് ജനം കണ്ടു കഴിഞ്ഞു.

ഇവരാണ് സാംസ്കാരിക സംഘടനയായ അസോസിയേഷനെ ഉദ്ധരിക്കാൻ ഇറങ്ങിയിരിക്കുന്നത്. കഷ്ടം’ പണ്ടൊരു ജനറൽ ബോഡിയിൽ തൻ്റെ നിലപാട് വ്യക്തമാക്കിയ ഹാരിസ് എന്ന അംഗത്തിൻ്റെ കരണത്തടിച്ച ഒരു ആജീവനാന്തനേതാവിനെ ആ തിരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടിയത് ഇപ്പോഴും ഓർമയിലുണ്ട്. സത്യം എത്ര സ്വർണ്ണത്തളികകൾ കൊണ്ട് മൂടി വെച്ചാലും ഒരിക്കൽ പുറത്തുവരും എന്നോർത്താൽ നല്ലത്.

2015ൽ 687 അംഗങ്ങളുണ്ടായിരുന്ന ഈ സംഘടനയിൽ സുരേഷ് കുമാറും കൂട്ടരും അധികാരമേറ്റതിൽപ്പിന്നെ ഇപ്പോൾ വെറും 313 പേർ. വ്യത്യസ്ത അഭിപ്രായം പറയുന്നവരെയൊക്കെ ഭീഷണിപ്പെടുത്തിയും കള്ളത്തരം പറഞ്ഞ് പുറത്താക്കിയും സ്വന്തം താൽപര്യം മാത്രം സംരഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവർ.

അസോസിയേഷൻ്റെ കെട്ടിടം പണിയാനുള്ള സ്ഥലം പുല്ലേപ്പടിയിൽ ശ്രീ ശശി അയ്യൻ ചിറയുടെ ഭരണ സമതി വാങ്ങിയപ്പോൾ സ്ഥലത്തിൻ്റെ ആധാരം കള്ളമാണെന്ന് വിളിച്ചു കൂവി ശശിയെ അപമാനിച്ച് കല്ലിടൽ ചടങ്ങിൽ നിന്നും വിട്ടു നിന്നവരാണിവർ.പിന്നീട് തങ്ങൾ അധികാരത്തിൽ വന്നപ്പോൾ അതെല്ലാം മറന്ന് ശരിയായ ടെണ്ടർ പോലുമില്ലാതെ സ്വന്തം ബിനാമിയെ വെച്ച് കോടികൾ ചിലവാക്കി കെട്ടിടം പണിതതും അതിലുണ്ടായ അഴിമതി കോലാഹങ്ങളും ആരും മറന്നിട്ടില്ല.

ബൈലോയിൽ പറയുന്ന രണ്ട് വർഷ കാലാവധി കാറ്റിൽ പറഞ്ഞി തടർച്ചയായി 5 വർഷത്തിൽ കൂടുതൽ സുരേഷ് കുമാറും കൂട്ടരും അധികാരത്തിലിരുന്നില്ലേ. എത്രയോ അഴിമതി ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നിട്ടുള്ളത്. ഒരു ഉളുപ്പുമില്ല.

പണവും ഗുണ്ടായിസവും ഉപയോഗിച്ചല്ലേ ഇവർ രക്ഷപ്പെട്ടത്. ഇപ്പോൾ കണ്ടൻ്റ് മാസ്റ്ററിങ്ങ് യൂണിറ്റുമായി ബന്ധപ്പെട്ട് മറ്റൊരു അഴിമതിയുണ്ട് .അസോസിയേഷനിലെ ഒമ്പത് ഏമാൻമാർ ചേർന്ന് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി . എല്ലാവരും മച്ചാനും കിച്ചാനും. അസോസിയേഷനുമായി ഈ കമ്പനിക്ക് യാതൊരു ബന്ധവുമില്ലത്രേ.

ഇത് ശരിയാണെങ്കിൽ എത്ര മാത്രം ഗുരുതരമാണ് നമ്മുടെ അസ്സോസിയേഷൻ്റെ അവസ്ഥ. ടൈറ്റസ് പീറ്റർ എന്നൊരു പാവം മനുഷ്യനെ വളച്ച് ഇതുവരെ എന്ന സിനിമ സംവിധാനം ചെയ്ത കമ്മിറ്റി അംഗമായ അനിൽ തോമസ് ഒരു ഉളുപ്പുമില്ലാതെ ആ നിർമാതാവിനെ വഞ്ചിച്ച് സെൻസർ സർട്ടിഫിക്കറ്റിൽ തൻ്റെ പേർ ചേർത്തത് പരസ്യമായ രഹസ്യമല്ലേ?

എന്തു നടപടിയാണ് അനിൽ തോമസിനെതിരെ കമ്മിറ്റി എടുത്തത്. ഈ അസ്സോസിയേഷനിലെ പ്രധാനമായും ഒന്നും രണ്ടും സിനിമകളെടുത്ത് പാപ്പരായ സാധാരണ നിർമാതാക്കൾക്കു വേണ്ടിയല്ലേ ഇവിടെ എല്ലാവർക്കും തുല്യ പെൻഷൻ എന്ന രീതിയിൽ വെൽഫയർ ഫണ്ട് എന്ന പ്രസ്ഥാനം തുടങ്ങിയത്?

ശ്രീ സുധീറിൻ്റെ തലയിലുദിച്ച ഈ ആശയം ആദ്യമായി മുന്നോട്ടുവെച്ചത് 25 വർഷം മുൻപ് അന്നത്തെ കമ്മിറ്റി അംഗങ്ങളായ Dr ഷാജഹാനും സുധീറുമല്ലേ. നിയമാവലിയുടെ കരടുരേഖ ഉണ്ടാക്കിയതും അവരല്ലേ. പക്ഷെ പിന്നീട് അതൊക്കെ അട്ടിമറിച്ച് മേലാളന്മാർക്കും സിൽബന്ധി കൾക്കും മാത്രം 5000 വും 3000 വും അതിൽകൂടുതലും പെൻഷൻ കൊടുക്കുന്ന പദ്ധതിയിലേക്ക് സുരേഷ് കുമാർ സിയാദ് കോക്കർ കൂട്ടുകെട്ട് മാറിയില്ലേ?

എന്തുകൊണ്ടാണ് ഒന്നും രണ്ടും പടങ്ങൾ എടുത്ത് പാപ്പരായ പെൻഷൻ നിഷേധിക്കപ്പെട്ടവർ ഇതിനെതിരെ ശബ്ദിക്കാത്തത്. ഈ തിരഞ്ഞെടുപ്പിനെങ്കിലുംനിങ്ങൾ ഒന്നിച്ചു നിന്നാൽ ഈ മേലാളന്മാരെ നമുക്ക് വീട്ടിലിരുത്താം. ബഹുഭൂരിപക്ഷം നമ്മളാണ്. ബൈലോ അനുസരിച്ച് ഒരു പടം സ്വന്തം പേരിൽ സെൻസർ ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് അംഗത്വം കൊടുക്കാമെന്നിരിക്കെ 2016-നു ശേഷം ഒമ്പത് വർഷത്തിനുളളിൽ വർഷംതോറും നൂറുകണക്കിന് പുതിയ നിർമാതാക്കൾ വന്നെങ്കിലും എത്ര പേർക്ക് നിങ്ങൾ അംഗത്വം കൊടുത്തു ?

നിങ്ങളുടെ അധികാരം നഷ്ടപ്പെടും എന്നു ഭയന്നല്ലേ അവർക്ക് അംഗത്വം നൽകാത്തത്. പടവളങ്ങ പോലെയാണ് അസോസിയേഷൻ്റെ വളർച്ച. ഞാനും എൻ്റെ തെങ്ങുകയറ്റക്കാരനും തേങ്ങ പെറുക്കുകാരനും മാത്രം മതി എന്ന അവസ്ഥ. എതിരഭിപ്രായം പറഞ്ഞതിനല്ലേ നിങ്ങൾ വിനയനെ മൂക്കുകയറിട്ടതും വിനയനോടൊപ്പം നിന്ന മമ്മി സെഞ്വറി അടക്കം ഒരുപാടു പേരെ പച്ചക്കള്ളം പറഞ്ഞ് പുറത്താക്കിയതും .

മമ്മി മാപ്പുപറഞ്ഞ് തിരിച്ചു കയറി. മാപ്പുപറയാൻ തയ്യാറാകാഞ്ഞസുധീറിനെ 9 വർഷം പുറത്തു നിർത്തിയില്ലേ? അവസാനം അദ്ദേഹം നീതി തേടി കോടതിയിൽ പോയില്ലേ. കോടതി അദ്ദേഹത്തെ 8 മാസം മുൻപ് തിരിച്ചെടുക്കാൻ ഉത്തരവിട്ടിട്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമല്ലേ മറ്റൊരു നിവൃത്തിയുമില്ലാതെ കോടതിയലക്ഷ്യത്തിന് ജയിലിൽ കിടക്കേണ്ടിവരുമെന്ന പേടിയിൽ അവസാനം തിരിച്ചെടുത്തത്.

മറ്റുള്ളവർ കോടതിയിൽ പോകാഞ്ഞത് നിങ്ങളുടെ മഹാഭാഗ്യം. അസ്സോസിയേഷൻ ഭാരവാഹികളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കെതിരെ 2 പ്രാവശ്യം എക്സിക്കുട്ടീവ് അംഗമായിരുന്ന് പോരാടിയവ്യക്തിയാണ് സുധീർ . ഈ തിരഞ്ഞെടുപ്പിൽ ആദ്യം അദ്ദേഹംനോമിനേഷൻ കൊടുത്തിട്ട് അവസാന നിമിഷം പിൻവലിച്ചത് ആരെ പേടിച്ചിട്ടാണ്. വിനയനെ പോലെ അദ്ദേഹത്തേയും മൂക്കുകയറിട്ടോ.പക്ഷെ ഇപ്പോൾ നാറിയ ഈ നെറികേടിനെ സധൈര്യം ചോദ്യം ചെയ്യാൻ സാന്ദ്ര തോമസ് എന്ന സിംഹക്കുട്ടി അവതരിച്ചിരിക്കുന്നു.

എല്ലാ അതിക്രമങ്ങൾക്കും ഒരവസാനം പ്രകൃതി നിയമമാണ്. സംഭവിച്ചേ തീരൂ. ഇനിയെങ്കിലും മാടമ്പിമാരേയും സ്വാർത്ഥ താൽപര്യക്കാരേയും ഒഴിവാക്കി അസോസിയേഷന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ നമുക്കൊരുമിച്ച് നിൽക്കാം. 25 വർഷത്തിൽ കൂടുതലായില്ലേ മച്ചാനും കിച്ചാനും ഏറാൻമൂളികളും ചേർന്നുള്ള ഭരണം. ഇനി അൽപം വിശ്രമിക്കൂ. ഒരാൾക്കു തന്നെ നാലും അഞ്ചും വോട്ടുള്ള സംഘടിത പാനൽ നേതാക്കളെ ഒഴിവാക്കി സാന്ദ്ര തോമസും വിനയനും സജി നന്ത്യാട്ടും ഇനി അസോസിയേഷനെ നയിക്കട്ടെ.സിനിമ നിർമാതാവിൻ്റെതാണ്. നിർമാതാവില്ലെങ്കിൽ സിനിമയില്ല.”

തിരുവനന്തപുരം ലോബിയെന്നും നായർ ലോബിയെന്നും വിളിക്കുന്ന ഈ ലോബിയിൽ കൊച്ചിയിൽ നിന്നുള്ളവരും മറ്റു ജില്ലകളിൽ നിന്നുള്ളവരുമുണ്ട്.അതുപോലെ നായർ അല്ലാതെ മറ്റു സമുദായങ്ങളിൽ നിന്നുള്ളവരുമുണ്ട്.