സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി വി. ഉദയകുമാറിനെതിരെയാണ് അനേഷണത്തിനു ഉത്തരവിട്ടത് ഇക്കാര്യം ദ ഹിന്ദു എന്ന ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത് .
മൂന്ന് പരാതികളാണ് ഇദ്ദേഹത്തിനെതിരെ ലഭിച്ചത്. ഈ പരാതികൾ പരിഗണിച്ച്, ഹൈക്കോടതിയുടെ രജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡീഷ്യറി) അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചൊവ്വാഴ്ച ഈ റിപ്പോർട്ട് പരിഗണിക്കും. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജിക്ക് ഒരു വനിത രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. ജഡ്ജിയുടെ ചേമ്പറിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം, ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉദയകുമാറിനെ ഓഗസ്റ്റ് 20-ന് കൊല്ലം മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണലിലേക്ക് സ്ഥലം മാറ്റിയിരുന്നു. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ ജുഡീഷ്യൽ ചുമതലകൾ വഹിക്കരുതെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തെ ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ സമാനമായ ആരോപണങ്ങൾ ഉയരുന്നത് നേരത്തെ സമാനമായ ആരോപണങ്ങൾ നേരിട്ട കോഴിക്കോട് ജില്ലയിലെ ഒരു ജഡ്ജിയെ ആറ് മാസത്തെ സസ്പെൻഷന് ശേഷം സർവീസിൽ തിരിച്ചെടുത്തിരുന്നു.
