ഈ സാമ്പത്തിക വര്‍ഷ (2024-25) ത്തില്‍ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (GSDP) ഇടിവുണ്ടതായി റിപ്പോർട്ട് .
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്റെ (MOSPI) പുതുക്കിയ കണക്കുകള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 6.19 ശതമാനമായാണ് ഇടിഞ്ഞത്. ഒരു വര്‍ഷം മുന്‍പ് 6.73 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ ഇടിവ് സംഭവിച്ചിട്ടുള്ളത് . ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായും കേരളം മാറി.

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.3 ശതമാനമാണ്. ഇതിലും താഴെ പോയിരിക്കുകയാണ് കേരളത്തിന്റെ വളര്‍ച്ചാനിരക്ക്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാട് ആണ് ഏറ്റവുമധികം മുന്നേറ്റം രേഖപ്പെടുത്തിയത്. 2024-25ല്‍ തമിഴ്‌നാടിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് 11.19 ശതമാനമായാണ് വര്‍ധിച്ചത്. രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാന സമ്പദ് വ്യവസ്ഥയാണ് തമിഴ്‌നാട്ടിലേത്. ആന്ധ്രാപ്രദേശ് (8.21%), തെലങ്കാന (8.08%), കര്‍ണാടക (7.37%), ഒഡീഷ (6.84%) എന്നിവയും കേരളത്തേക്കാള്‍ മുന്നിലാണ്.
കേരളത്തിന്റെ നോമിനല്‍ ജിഎസ്ഡിപിയും കുറഞ്ഞു. 2024-35 സാമ്പത്തിക വര്‍ഷത്തില്‍ നോമിനല്‍ ജിഎസ്ഡിപിയില്‍ 9.97 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കഴിഞ്ഞ ബജറ്റില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് ആയ 11.7 ശതമാനത്തിനേക്കാള്‍ താഴെയാണ്.

നോമിനല്‍ ജിഎസ്ഡിപി എന്നത് ഒരു സംസ്ഥാനത്തിനുള്ളില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യത്തെ സൂചിപ്പിക്കുന്നു. ‘സംസ്ഥാനത്തിന്റെ ദീര്‍ഘകാല വളര്‍ച്ചാ പാതയില്‍ പുരോഗതി കാണിക്കുന്നുണ്ട്. 2014-15 ല്‍ ജിഎസ്ഡിപി 4.26 ശതമാനം മാത്രമായിരുന്നു. 2024-25 ല്‍ ഇന്ത്യ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ജിഎസ്ടി കളക്ഷന്‍ രേഖപ്പെടുത്തി. 2020-21 നെ അപേക്ഷിച്ച് വരുമാനം ഇരട്ടിയായി,’- കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ വിദഗ്ദ്ധ അംഗം കെ രവി രാമന്‍ പറഞ്ഞു.
2024-25 ലെ നേരിയ ഇടിവ് ആഭ്യന്തര സാമ്പത്തിക നിയന്ത്രണങ്ങളുടെയും ബാഹ്യ സാമ്പത്തിക സമ്മര്‍ദ്ദങ്ങളുടെയും സംയോജനത്തെ പ്രതിഫലിപ്പിക്കുന്നതായി തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഡയറക്ടര്‍ കെ ജെ ജോസഫ് പറഞ്ഞു, ‘കേന്ദ്ര സര്‍ക്കാര്‍ വായ്പാ പരിധികള്‍ കര്‍ശനമാക്കിയത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചു. ഇത് മൂലധനച്ചെലവില്‍ കുറവുണ്ടാക്കി.

ഇത് വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് നിര്‍ണായകമാണ്. അതേസമയം, ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പ്രത്യേകിച്ച് കൃഷി, നിര്‍മ്മാണ മേഖലകളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച മന്ദഗതിയിലായിരുന്നു’- കെ ജെ ജോസഫ് പറഞ്ഞു. കൂടാതെ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും കുടിയേറ്റത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ വിപണികളിലെ തടസ്സങ്ങളും കേരളത്തിന്റെ വളര്‍ച്ചയെ ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.