പ്രധാനമന്ത്രി മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല.

നരേന്ദ്ര മോദിക്ക് പ്രായം 75 .ഈ പ്രായത്തിൽ എന്തിനാണ് അദ്ദേഹത്തിന്റെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്നത്.അദ്ദേഹത്തിനു ടെസ്റ്റ് എഴുതാനുള്ള പ്രായവും പിന്നിട്ടു.ഇപ്പോൾ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടുന്നത് രാഷ്ട്രീയ പ്രേരിതമാണ്.അതിനു വേണ്ടി വിവരാവകാശ കമ്മീഷനെ ഉപയോഗപ്പെടുത്തുന്നത് ശരിയല്ല.അത് തന്നെയാണ് ഡൽഹി കോടതിയും ഇന്നു പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് ഡൽഹി ഹൈക്കോടതി വിധിച്ചത് .പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് കോടതി റദ്ദാക്കുകയായിരുന്നു.

ഡൽഹി സർവ്വകലാശാലയിൽ നിന്ന് 1978-ൽ നരേന്ദ്ര മോദി ബിരുദം നേടിയെന്ന ബി ജെ പി നേതാക്കളുടെ അവകാശവാദത്തെ തുടർന്ന്, ആ ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ വിവരങ്ങൾ പരിശോധിക്കാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.ബി ജെ പി നേതാക്കളായ അമിത് ഷാ, അരുൺ ജെററ്‌ലി എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ ബിരുദപത്രങ്ങളുടെ പകർപ്പ് പ്രദർശിപ്പിച്ചതും വിവാദമായിരുന്നു.

വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ഡൽഹി സർവ്വകലാശാല ഹൈക്കോടതിയെ സമീപിച്ചു. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തിഗത വിവരങ്ങളുടെ പരിധിയിൽ വരുന്നതാണെന്നും, ഇത് പൊതു താൽപ്പര്യത്തിന് കീഴിൽ വരുന്നതല്ലെന്നും ഡൽഹി സർവ്വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

“വിവരാവകാശ നിയമം സുതാര്യതക്ക് വേണ്ടിയുള്ളതാണ്, അല്ലാതെ വ്യക്തിപരമായ ജിജ്ഞാസ ശമിപ്പിക്കാനല്ല” എന്ന് കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രിയുടെ ബിരുദം ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ അപരിചിതർക്ക് നൽകാൻ കഴിയില്ലെന്നും, എന്നാൽ കോടതി ആവശ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറാൻ സർവ്വകലാശാല തയ്യാറാണെന്നും കോടതിയെ ധരിപ്പിച്ചു.

വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഈ വിഷയത്തിൽ ഡൽഹി സർവ്വകലാശാലയുടെ വാദം അംഗീകരിച്ചു. ഇതോടെ പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ രഹസ്യമായി തുടരും.

ഈ വിധി വിവരാവകാശ നിയമത്തെക്കുറിച്ചും പൊതു താൽപ്പര്യത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് പുതിയ വഴി തുറന്നിരിക്കുകയാണ്. നീരജ് ശർമ നൽകിയ വിവരാവകാശ അപേക്ഷയിലാണ് കേസിന്‍റെ തുടക്കം. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഈ വിഷയം സംബന്ധിച്ച് സംശയങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതകൾ “കൂടുതൽ പൊതുനന്മ” എന്ന വിഭാഗത്തിൽപ്പെടുന്നതിനാൽ ഇത് വെളിപ്പെടുത്തണം എന്ന് വിവരാവകാശ അപേക്ഷകർ വാദിച്ചത്. പൊതുതാൽപര്യമുള്ള കാര്യങ്ങളിൽ വിവരങ്ങൾ വെളിപ്പെടുത്താൻ വിവരാവകാശ നിയമം അനുവദിക്കുന്നുണ്ട് എന്നും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ ലഭ്യമാണ്. 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബി.എ, 1983-ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എ എന്നിവയാണ് അദ്ദേഹത്തിൻ്റെ ബിരുദങ്ങൾ. രണ്ടും വിദൂരവിദ്യാഭ്യാസം വഴിയായിരുന്നു.