വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരുടെ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് മാർച്ചിന് നേതൃത്വം നൽകിയത്. ഇന്ത്യ സംഘത്തിലെ പാർട്ടികളിലെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുത്തു. പ്രാദേശിക ഭാഷകളിലടക്കമുള്ള പ്ലക്കാര്‍ഡുകളുമായാണ് എംപിമാർ മാർച്ചിൽ പങ്കെടുത്തത്. ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നിൽ വച്ചാണ് ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

“അവർക്ക് സംസാരിക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. സത്യം രാജ്യത്തിനു മുന്നിലുണ്ട്. ഈ പോരാട്ടം രാഷ്ട്രീയമല്ല. ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണിത്. ഒരു മനുഷ്യന്, ഒരു വോട്ട് എന്നതിനു വേണ്ടിയുള്ള പോരാട്ടമാണിത്. ഞങ്ങൾക്ക് കാപട്യമില്ലാത്ത ശുദ്ധീകരിച്ച വോട്ടർ പട്ടിക വേണം,” രാഹുൽ ഗാന്ധി പറഞ്ഞു. അവർ ഞങ്ങളെ ഭയപ്പെടുന്നു. സർക്കാർ ഭീരുക്കളാണെന്നാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. (കവർ ഫോട്ടോ കടപ്പാട് :NDTV)