എം ആർ അജയൻ
amrajayan@gmail.com
ഫെഡറൽ ബാങ്കിന് ആലുവയിൽ ആർ എസ് എസ് ശാഖ. എന്നിട്ടും ഇതുവരെ ആർ എസ് എസ് വിരുദ്ധർ ആരും എതിർപ്പുമായി വന്നിട്ടില്ല.

ആലുവ നിയമസഭ മണ്ഡലം കോൺഗ്രസിന് വലിയ സ്വാധീനമുള്ള മേഖലയാണ്. മുസ്ലിം സമുദായം ഇവിടെ പ്രബലമായ സമുദായവുമാണ്. എന്നിട്ടു പോലും ആരും പ്രതിഷേധിച്ചിട്ടില്ല.മുസ്ലിം സമുദായംഗങ്ങളാണ് ഫെഡറൽ ബാങ്ക് ആലുവ ആർ എസ് എസ് ശാഖയിൽ കൂടുതലും ഇടപാടുകൾ നടത്തുന്നത്.

മതേതരത്വത്തിൽ വിശ്വസിക്കുന്നവരാണ് ആലുവയിൽ ഭൂരിപക്ഷം ജനങ്ങളും. ഇവിടെ വർഗീയമായ ചേരിതിരിവുകൾ ഉണ്ടാവാറില്ല. 1957 മുതൽ കോണ്ഗ്രസ് സ്ഥാനർഥികളാണ് ആലുവ നിയമസഭ സീറ്റിൽ തുടർച്ചയായി വിജയിക്കുന്നത്. ഒരു തവണ മാത്രമാണ് എൽ ഡി എഫ് ജയിച്ചത്.2011 ൽ സിപിഎം ന്റെ എം എം യൂസഫായിരുന്നു അത്.
എന്തുകൊണ്ടാണ് ഫെഡറൽ ബാങ്കിന് ആലുവയിൽ ആർ എസ് എസ് ശാഖ എന്ന ഗ്രീൻ കേരള ന്യൂസിന്റെ ചോദ്യത്തിനു നോവലിസ്റ്റും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനുമായ അമിത് കുമാറിന്റെ മറുപടി ഇപ്രകാരമാണ്:
“റെയിൽവേ സ്റ്റേഷൻ സ്‌ക്വയർ(RAILWAY STATION SQUARE) എന്നാണ് ഈ ബ്രാഞ്ചിന്റെ മേൽവിലാസം .റെയിൽവേ സ്റ്റേഷൻ സ്‌ക്വയർ ന്റെ ചുരുക്കപ്പേരാണ് ആർ എസ് എസ് (R S S).അങ്ങനെയാണ് ഫെഡറൽ ബാങ്ക് ആലുവ ബ്രാഞ്ചിനു ആർ എസ് എസ് ശാഖ എന്നു പേര് വരാനിടയായത്.”

മറ്റുള്ള ബാങ്കുകൾക്ക് ആലുവയിൽ ഒരു ബ്രാഞ്ച് മാത്രമേയുള്ളൂ.ഫെഡറൽ ബാങ്കിനു ഒന്നിലധികം ബ്രാഞ്ചുകൾ ആലുവയിലുണ്ട്.അതുകൊണ്ട് കൂടിയാണ് ആർ എസ് എസ് ശാഖ എന്ന് എഴുതേണ്ടി വന്നത്.അതിനു പുറമെ റിസർവ് ബാങ്ക് നൽകിയിട്ടുള്ള ലൈസൻസിലെ മേൽവിലാസം ‘റെയിൽവേ സ്റ്റേഷൻ സ്‌ക്വയർ’ എന്നാണ് .ഓരോ ബ്രാഞ്ചിനും റിസർവ് ബാങ്കിന്റെ ലൈസൻസ് വേണം .കൂടാതെ ലൈസൻസിലെ വിലാസം ബോർഡിൽ രേഖപ്പെടുത്തുകയും വേണം.അങ്ങനെയാണ് ആലുവയിലെ റെയിൽവേ സ്റ്റേഷൻ സ്‌ക്വയർ ആർ എസ് എസായി രൂപാന്തരം പ്രാപിച്ചത്.
ഫെഡറൽ ബാങ്കിന്റെ ഈ ബ്രാഞ്ചിലെ ബോർഡിൽ ഫെഡറൽ ബാങ്ക് ആലുവ/ആർഎസ്എസ് ശാഖ എന്ന് എഴുതിവെച്ചിട്ടുണ്ട്..ഈ ബ്രാഞ്ചിനു കാൽനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ഒരാളുപോലും ഈ ബോർഡിന്റെ പേരിൽ പ്രതികരിച്ചിട്ടില്ല .റെയിൽവേ സ്റ്റേഷൻ സ്‌ക്വയർ എന്ന് പൂർണമായും എഴുതിവെയ്ക്കണമെന്നും ആരും ആവശ്യപ്പെട്ടിട്ടില്ല.

1931-ൽ മധ്യ തിരുവതാംകൂറിലെ തിരുവല്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ട്രാവൻകൂർ ഫെഡറൽബാങ്ക് എന്ന സ്ഥാപനം 1945 ൽ കെ.പി. ഹോർമിസ് ആലുവയിലേക്ക് മാറ്റി സ്ഥാപിച്ചു.കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽ പ്രമുഖസ്ഥാനത്താണ് ഫെഡറൽ ബാങ്ക് നിലയുറപ്പിച്ചിട്ടുള്ളത്. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് ലിമിറ്റഡിനു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 1588+ ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 2079+ എടിഎമ്മുകളും/സിഡിഎംഎസുകളും അബുദാബിയിലും ദുബായിലും വിദേശ പ്രതിനിധി ഓഫീസുകളും ഉണ്ട്.
