പാലിന് സംഭരണ വില 70 രൂപ ആക്കുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ നിരവധി സമരങ്ങൾ നടത്തുകയും,നിവേദനങ്ങൾ കൊടുക്കുകയും ചെയ്‌തെങ്കിലും അനുകൂലമായ തീരുമാനങ്ങൾ ഒന്നും ഇതുവരെ ഇല്ലാത്തതിനാൽ കേരളത്തിലെ ക്ഷീരകർഷകർ ഒന്നടങ്കം ചിങ്ങം ഒന്ന് വഞ്ചനാദിനമായി ആചരിക്കുന്നു .ഇന്ന് ചിങ്ങംഒന്നിനു രാവിലെ കേരളത്തിലെ എല്ലാ ക്ഷീരസംഘങ്ങളിലും ക്ഷീരകർഷകരുടെ യോഗവും,പ്രതിക്ഷേധപ്രകടനവും നടത്തിയെന്ന് കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
താഴെ പറയുന്ന പ്രശ്നങ്ങളാണ് കർഷകർ ചിങ്ങം ഒന്ന് വഞ്ചനാദിനം ആയി ആചരിക്കാൻ കാരണം.
കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഉൽപ്പന്നമായ പാൽ ഉല്പാദനം കേരളത്തിൽ ഗണ്യമായി കുറയുകയാണ്.ഏറ്റവും പുതിയ സെൻസസ് പ്രകാരം പശുക്കളുടെ എണ്ണം 5 വർഷം കൊണ്ട് 4 ലക്ഷം കുറഞ്ഞു .ഇപ്പോൾ വെറും 9 ലക്ഷം ആയിരിക്കുകയാണ് .അതിന്റെ കാരണങ്ങൾ താഴെ പറയുന്നു.
1 .ഉയർന്നു കൊണ്ടിരിക്കുന്ന കാലിത്തീറ്റ വില വർദ്ധന.
2 തൊഴിലാളികളുടെകൂലിയിനത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധന.
3 .പുല്ല് കൃഷി ചെയ്യാനുള്ള ചിലവിൽ ഉള്ള വർദ്ധനയും, കാലാവസ്ഥയിലെ മാറ്റം മൂലം പുല്ലുകൾ നശിച്ചു പോകുകയും ചെയ്യുന്നു.
4 .വെറ്റിനറി സേവനങ്ങൾക്കുള്ള ചിലവിൽ ഉള്ള വർദ്ധന.
5 .കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള കൂടിയ ചിലവ്
6 .കറൻ്റ്, വെള്ളക്കരം എന്നിവയുടെ കൂടിയ നികുതിയും, ലഭ്യത കുറവും.
7 .കാലി തൊഴുത്തിലേക്ക് ആവശ്യമായ മെഷീൻ , അതിൻ്റെ പാർട്സുകൾ,അതുപോലെ എല്ലാത്തിനും ഭയങ്കരമായ രീതിയിൽ വില വർദ്ധിക്കുന്നു.
.മേൽപ്പറഞ്ഞ പ്രശ്നങ്ങൾ മൂലം ഏറ്റവും പുതിയ സെൻസസ് പ്രകാരം 2019 നെ അപേഷിച്ച് 37 ശതമാനം പശുക്കളുടെ എണ്ണം കേരളത്തിൽ കുറഞ്ഞു.

അതുകൊണ്ട് അന്യ സംസ്ഥാനത്തുനിന്നും വരുന്ന പാല് പോലുള്ള ദ്രാവകം കുടിക്കാൻ കേരളത്തിലെ ജനത നിബന്ധിതരാവുകയാണ്.ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്.കേരളത്തിൽ വെറും മൂന്നു ചെക്ക് പോസ്റ്റുകളിൽ മാത്രമാണ് പലാണോ എന്ന് പരിശോധിക്കാൻ മാർഗമുള്ളൂ എന്നാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന സത്യം.അടുത്ത കാലത്ത് കേരളത്തിൽ കൂടുതൽ ആയി കാണുന്ന കിഡ്‌നി,ലിവർ,ക്യാൻസർ രോഗത്തിന് ഒരു കാരണം ഇതാണോ എന്ന് പരിശോധിക്കണം എന്നും ക്ഷീര കർഷകർ ആവശ്യപ്പെട്ടു.
ഇവ മൂലം 1 ലിറ്റർ പാൽ ഉല്പാദിപ്പിക്കാൻ ഉള്ള ചിലവ് ഇപ്പോൾ 65 രൂപയ്ക്ക് മുകളിൽ ആണ്.എന്നാൽ സൊസൈറ്റിയിൽ നിന്നും പാലിന് വെറും 43 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം വലിയ തോതിൽ ക്ഷീര കർഷകർ ഈ മേഖലയിൽ നിന്നും കൊഴിഞ്ഞു പോയികൊണ്ടിരിക്കുകയാണ്. നിരവധി ക്ഷീര സംഘങ്ങൾ പൂട്ടി. പലതും പാൽ സംഭരണം കുറഞ്ഞതുമൂലം പൂട്ടേണ്ട സ്ഥിതിയിലാണ്. ഉല്പാദന ചിലവിനനുസരിച് വില ലഭിക്കാത്തത് കൊണ്ട് പുതിയതായിട്ട് ആരും ഈ മേഖലയിലേക്ക് വരുന്നുമില്ല.

2019 ൽ മിൽമ തന്നെ നടത്തിയ പഠനത്തിൽ 1 ലിറ്റർ പാൽ കേരളത്തിൽ ഉല്പാദിപ്പിക്കുവാൻ 48.68 രൂപ വരെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ പഠനത്തിൽ 1 കിലോ കാലിത്തീറ്റക്ക് 23.4 രൂപയാണ് കണക്കാക്കിയിട്ടുള്ളത്.5 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ അത് 32 രൂപയായി വർദ്ധിച്ചു.പണപ്പെരുപ്പം മൂലം എല്ലാ മറ്റ് ചിലവുകളും ക്രമാതീതമായി വർദ്ധിച്ചു.

ആയതിനാൽ പാലുല്പാദനത്തിൽ സ്വയംപര്യാപ്ത്തതയും, ജനങ്ങൾക്ക് ശുദ്ധമായ പാൽ കിട്ടുന്നതിനും, കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും,പൊതുജനങ്ങളുടെ ആരോഗ്യത്തിനും ക്ഷീര കർഷകന് പാൽ സൊസൈറ്റിയിൽ നിന്നും മിനിമം 70 രൂപയെങ്കിലും ലഭിക്കുന്നതിനുള്ള നടപടികൾ മിൽമയും,കേരള സർക്കാരും എടുക്കണമെന്ന് കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
