രാഷ്ട്രീയ പശ്ചാത്തലുള്ളവര് ജഡ്ജിമാരാകുന്നത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് ഡോ. കെഎസ് രാധാകൃഷ്ണന്. ബിജെപി മുന് വക്താവായ അഭിഭാഷക ആരതി സതേയെ ബോംബെ ഹൈക്കോടതി അഡീഷണല് ജഡ്ജിയായി നിയമിച്ചതിനെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ; ജഡ്ജിമാരാകുന്നതിനു മുമ്പ് രാഷ്ട്രീയ പശ്ചാത്തലമുള്ള ജഡ്ജിമാരയവരുടെ പട്ടിക കെഎസ് രാധാകൃഷ്ണന് കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട് .

ഡോ .കെ എസ് രാധാകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ ചേർക്കുന്നു :
“ഇന്ത്യൻ ജുഡീഷ്യറിയിൽ ജഡ്ജി സ്ഥാനത്ത് എത്തിയവരിൽ അധികം പേരും രാഷ്ട്രീയ പശ്ചാത്തലമുള്ളവരായിരുന്നു. ഉടുക്കാൻ കിട്ടിയില്ലെന്ന് കരുതി വലിച്ച് കീറല്ലേ സർ.
ആരതി സഥേയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജയം ശുപാർശ ചെയ്തു. അതും വിവാദമാക്കാനാണ് ഇൻഡി സംഘം ശ്രമിക്കുന്നത്.
ആരതി സാഥേ ബി ജെ പി വക്താവായിരുന്നു. അവർ ജഡ്ജിയാകാൻ പാടില്ല. കാരണം അവർക്ക് ബി ജെ പി രാഷ്ട്രീയ പശ്ചാത്തലമുണ്ട്. രാഷ്ട്രീയ പശ്ചാത്തലമുളളവർ ജഡ്ജിമാരായാൽ അത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കും. അതുകൊണ്ട് കൊളീജിയം ആ തീരുമാനം പിൻവലിക്കണം എന്നാണ് ഇൻഡി സംഘം ആവശ്യപ്പെടുന്നത്.

ഇന്ത്യൻ ജുഡീഷ്യറിയിൽ ജഡ്ജി സ്ഥാനത്ത് എത്തിയവരിൽ അധികം പേരും രാഷ്ട്രീയ പശ്ചാത്തലമുള്ളവരായിരുന്നു. ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന നിർമ്മൽ ചന്ദ്ര ചാറ്റർജിയെ ആദ്യം കോൺഗ്രസ്സാക്കുകയും അതിന് ശേഷം ഹൈക്കോടതി ജഡ്ജിയാക്കുകയും ചെയ്തത് ജവഹരിലാൽ നെഹ്രു ആയിരുന്നു. അക്കാലത്ത് ജഡ്ജിമാരായവരിൽ ഭൂരിപക്ഷം പേരും കോൺഗ്രസ് പശ്ചാത്തലം ഉള്ളവരായിരുന്നു.
കേരളത്തിൽ ഇടതുപക്ഷ പശ്ചാത്തലുള്ളവരും കോൺഗ്രസ്സ്, സോഷ്യലിസ്റ്റ് പശ്ചാത്തലങ്ങളുള്ളവരും ഹൈക്കോടതി ജഡ്ജിമാരായിട്ടുണ്ട്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റി , ജസ്റ്റിസ് എം പി മേനോൻ, ജസ്റ്റിസ് കെ. ടി. തോമസ് എന്നിവരെല്ലാം വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലുള്ളവരായിരുന്നു.

സമീപകാലത്താണെങ്കിൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് വി കെ മോഹൻ അറിയപ്പെടുന്ന മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനായിരുന്ന ജസ്റ്റിസ് ബാലകൃഷ്ണൻ നായർ, ജസ്റ്റിസ് അബ്ദുൾ ഗഫൂർ എന്നിവർ അറിയ പ്പെടുന്ന സി പി ഐ രാഷ്ട്രീയ നേതാക്കൾ ആയിരുന്നു. ജസ്റ്റിസുമാരായ സി കെ അബ്ദുൾ റഹിം, ഹാറൂൺ അൽ റഷീദ് എന്നിവർക്കും
രാഷ്ട്രീയ പശ്ചാത്തലമുണ്ട്.
ഈ പട്ടിക എത്ര വേണമെങ്കിലും നീട്ടാൻ കഴിയും. ഈ പേര് പറഞ്ഞവരാരും വിധിന്യായത്തിൽ അവരുടെ രാഷ്ട്രീയം കാണിച്ചതായി തെളിവില്ല. മാത്രമല്ല, രാഷ്ട്രീയ പശ്ചാത്തലമുള്ള ജഡ്ജിമാരിൽ പലരും ഉൾക്കാഴ്ചയുള്ള വിധിന്യായം എഴുതി പേരെടുത്തവരുമാണ്. രാഷ്ട്രീയ പശ്ചാത്തലുള്ളവർ ജഡ്ജിമാരാകുന്നത് ബി ജെ പി അധികാരത്തിലെത്തിയതിന് ശേഷമാണെന്ന തരത്തിലുള്ള പ്രചാരണം വസ്തുതകൾക്ക് തിരക്കുന്നതല്ല എന്നു കാണിക്കുന്നതിന് വേണ്ടിയാണ് ഇവരുടെ പേര് എടുത്തു പറഞ്ഞത്.
ബി ജെ പി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളുടെ പശ്ചാത്തലമുള്ളവർ ജഡ്ജിമാരായാൽ ഒരു കുഴപ്പവുമില്ല. എന്നാൽ ബി ജെ പി പശ്ചാത്തലമുള്ള ആര് ജഡ്ജിയാകുന്നതും കുഴപ്പമാകും എന്നു കരുതുന്നത് യുക്തിശൂന്യമായ നിലപാടാണ്. ഇൻഡി സംഘത്തിന് ഇന്ത്യ ഭരിക്കാൻ കഴിയാത്തതു കൊണ്ട് ഇന്ത്യൻ സംവിധാനത്തെ തന്നെ തകർക്കാൻ ശ്രമിക്കുന്നവരായി അവർ തരംതാഴുന്നു. ഉടുക്കാൻ കിട്ടിയില്ല എന്ന കാരണം പറഞ്ഞ് വലിച്ചു കീറരുത്. “
