താമരശ്ശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണം;വീണ്ടും മണ്ണിടിച്ചില്‍;ഗതാഗതം നിരോധിച്ചു

വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും, തുടര്‍ച്ചയായി താമരശ്ശേരി ചുരം പാതയില്‍ ഉണ്ടാകുന്ന മണ്ണിടിച്ചിലുകള്‍ തടയുന്നതിന് വേണ്ട നടപടികള്‍ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയയ്ക്കണമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി.

താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍. വയനാട് ചുരം വ്യൂ പോയിന്റില്‍ വീണ്ടും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചുരം പാതയില്‍ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി .ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ജനങ്ങള്‍ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന നിലയില്‍ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ചുരത്തില്‍ ഗതാഗതം തടസപ്പെടുന്നതിലൂടെ ഉണ്ടാകുന്നുവെന്ന് ഗഡ്‌കരിക്ക് അയച്ച കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഹൈവേയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടതിനാല്‍ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തേണ്ടി വന്നിരിന്നു. നിലവില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് തുടര്‍ന്നും മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയുണ്ട്.

ഹൈവേയുടെ ഈ ഭാഗം പരിശോധിച്ച് അപകടസാധ്യത വിലയിരുത്തുന്നതിനും, യാത്രക്കാരുടെ സുരക്ഷയ്ക്കും കണക്ടിവിറ്റിക്കും വേണ്ടി അടിയന്തരമായി വിദഗ്ധ സംഘത്തെ അയയ്ക്കണമെന്നും ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ബദല്‍ പാത ഒരുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എത്രയും വേഗം പരിഗണിക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.