റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്ത് ഇഡി. റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊത്തം 17,000 കോടി രൂപ മതിക്കുന്ന വായ്പ്പാത്തട്ടിപ്പ് ആരോപണത്തെ സംബന്ധിച്ചുള്ള ചോദ്യം ചെയ്യലിനാണ് അനില്‍ അംബാനിയെ ഡല്‍ഹിയിലെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിന് എത്തുമ്പോള്‍ അനില്‍ അംബാനി അഭിഭാഷകരെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന്റെ മുഴുവന്‍ സമയവും കാമറയില്‍ പകര്‍ത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പണംതിരിമറി തടയല്‍ നിയമപ്രകാരമാണ് നിലവില്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്യുന്നത്.
ഓഗസ്റ്റ് ഒന്നിനായിരുന്നു ഇഡി ഓഫീസില്‍ ഹാജരാകാനുള്ള സമന്‍സ് അനില്‍ അംബാനി കൈപ്പറ്റുന്നത്. അനില്‍ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടന്നതിന് പിന്നാലെയായിരുന്നു, സമന്‍സ് അയച്ചത്. കഴിഞ്ഞ ആഴ്ച്ചകളിലായി 35 സ്ഥലങ്ങളിലായി അനില്‍ അംബാനിയുടെ 50 സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. പല സ്ഥാപനങ്ങളില്‍ നിന്നായി 25 ജീവനക്കാരെയും ചോദ്യം ചെയ്തിട്ടുണ്ട്.

അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ 10,000 കോടി രൂപയുടെ വായ്പ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്ന് ഓഹരി നിയന്ത്രണ ഏജന്‍സിയായ സെബി ഇഡിയടക്കം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇത് പ്രകാരമാണ് ഇപ്പോള്‍ നടക്കുന്ന ഇഡിയുടെ നടപടിക്രമങ്ങള്‍.(കവർ ഫോട്ടോ കടപ്പാട് :A N I )
