ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി

ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ പേരുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്താഴ്ച പുറത്തുവിടണമെന്ന് സുപ്രീം കോടതി. പരിഷ്‌കരണത്തിന്റെ പേരിലാണ്വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ പേരുകള്‍ ഒഴിവാക്കിയതെന്നാണ് ആരോപണം.

ബിഹാറില്‍ നടപ്പാക്കിയ പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ്. കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം. അടുത്ത ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കുള്ളില്‍ പട്ടിക പ്രസിദ്ധീകരിക്കാണം എന്നും കോടതി വ്യക്തമാക്കി.

ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ പേര്, അതിന്റെ കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കമ്മീഷന്‍ പ്രസിദ്ധീകരിക്കേണ്ടത്. ജില്ല തിരിച്ച് ബൂത്ത് അടിസ്ഥാനത്തില്‍ ആണ് പട്ടിക നല്‍കേണ്ടത്. വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് പത്രങ്ങള്‍, റേഡിയോ, ടിവി, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ അറിയിക്കണം എന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു. പൗരന്‍മാരുടെ ഭരണഘടനാപരമായ അവകാശവും ഭരണഘടനാപരമായ അര്‍ഹതയുമാണ് ഈ വിഷയത്തില്‍ പരിശോധിക്കെപ്പെട്ടത് എന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം. ഹര്‍ജി ഓഗസ്റ്റ് 22 ന് വീണ്ടും പരിഗണിക്കും.

ബിഹാറില്‍ നടപ്പാക്കിയ പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് ശേഷം ഓഗസ്റ്റ് 1 നാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. സെപ്റ്റംബര്‍ 30 ന് അന്തിമ പട്ടിക പുറത്തിറക്കാനും തീരുമാനിച്ചിരുന്നു. 65 ലക്ഷം വോട്ടര്‍മാരെ പുറത്താക്കിക്കൊണ്ടുള്ള പട്ടിക പുതുക്കള്‍ യോഗ്യരായ നിരവധി പേരുടെ വോട്ടര്‍മാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തും എന്നാരോപിച്ചാണ് പ്രതിപക്ഷം പാര്‍ട്ടികള്‍ രംഗത്തെത്തിയത്.