മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അയ്യപ്പനില്‍ വിശ്വാസമുണ്ടോ ? ദുബായ് മേള പോലെയല്ല അയ്യപ്പ സംഗമം.

ആഗോള അയ്യപ്പ സംഗമം ദുബായ് മേള പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അയ്യപ്പനില്‍ വിശ്വാസമുണ്ടോയെന്നു ചോദിച്ച കുമ്മനം ഈ പരിപാടി അയ്യപ്പന്‍മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും എന്‍എസ്എസ് ഭക്തര്‍ക്കൊപ്പം നില്‍ക്കണമെന്നും പറഞ്ഞു.സെപ്തംബർ 20 നാണ് അയ്യപ്പസംഗമം നടക്കുക

ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അയ്യപ്പനില്‍ വിശ്വാസമുണ്ടോ?, വാസവന് വിശ്വാസമുണ്ടോ?. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും മടിക്കുന്ന ഇവരെല്ലാം ഇപ്പോള്‍ അയ്യപ്പ സംഗമത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ സാധാരണ ഭക്തജനങ്ങള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാാകും. അത് സ്വാഭാവികമാണ്. ദുബൈ മേളയെ പോലെ വാണിജ്യതാത്പര്യമുള്ള ഒരു സംഭവമായി ആഗോള അയ്യപ്പസംഗമം മാറി. പണം എങ്ങനെയും ഉണ്ടാക്കുക, അതിനായി അയ്യപ്പന്‍മാരുടെ വിശ്വാസത്തെയും വികാരത്തെയും സങ്കല്‍പ്പത്തെയും കച്ചവടവത്കരിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്’- കുമ്മനം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിലൂടെ വിശ്വാസവും വികസനവും ഒന്നിച്ചുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. അയ്യപ്പസംഗമത്തിന്റെ ഭാഗമായി ആചാരവിരുദ്ധമായി ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് ഉള്‍പ്പടെ ആളുകള്‍ എത്തുന്നതുകൊണ്ടാണ് സര്‍ക്കാരിന്റെ സഹായത്തോടെ നടത്തുന്നത്. ശബരിമലയുടെ അടിസ്ഥാന വികസനം മാത്രമാണ് പരിപാടിയുടെ ലക്ഷ്യം. ഇത് രാഷ്ട്രീയ വിവാദമാക്കരുത്. പരിപാടിയിലേക്ക് മതസമുദായ സംഘടനകളെ ക്ഷണിക്കും. കേന്ദ്ര കാബിനറ്റ് മന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിച്ചതായും രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കുന്നത് ആലോചിക്കുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എന്‍എസ് എസ് ഇന്നലെ വ്യക്തമാക്കിയിരുന്നു്. പിണറായി സര്‍ക്കാര്‍ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നായിരുന്നു എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ പറഞ്ഞത്. അവിശ്വാസികള്‍ അയ്യപ്പസംഗമം നടത്തുന്നുവെന്ന ബിജെപി ആരോപണവും സംഗീത് കുമാര്‍ തള്ളിയിരുന്നു.അതേസമയം എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആഗോള അയ്യപ്പ സംഗമത്തില്‍ എൻ എസ് എസ് പങ്കെടുക്കില്ലെന്ന് പറഞ്ഞു .