കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ട്രാന്‍സിറ്റ് ഹബ്ബാക്കി മാറ്റണമെന്ന് വിദഗ്ദ്ധർ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ( സിയാൽ) ഒരു ട്രാന്‍സിറ്റ് ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കണമെന്ന് വ്യോമയാന ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.ആഭ്യന്തര ടൂറിസം വിപണിയും ലോജിസ്റ്റിക്‌സ് മേഖലയും അതിവേഗം വളരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നിർദേശം.

കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ദ്ധർ ഒന്നടങ്കം സിയാലിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. കേരളത്തിലെ ടൂറിസം മേഖലയുടെ വികസനത്തിന് വ്യോമയാന വ്യവസായം നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു ചൂണ്ടിക്കാട്ടി.

ഹോട്ടല്‍ ശൃംഖല ശക്തിപ്പെടുത്തണമെന്നും ഊബര്‍ മോഡല്‍ ടാക്സി സംവിധാനങ്ങളും ഉണ്ടായി വരണമെന്നും ട്വന്റി 14 ഹോള്‍ഡിംഗ്സ് ആന്‍ഡ് ലുലു ഫിനാന്‍സ് ഹോള്‍ഡിംഗ്സ് സ്ഥാപകനും എം.ഡിയുമായ അദീപ് അഹമ്മദ് അഭിപ്രായപ്പെട്ടു. ദുബായില്‍ എമിറേറ്റ്‌സ് ആരംഭിച്ചത് പോലെയുള്ള ഹോം ചെക്ക് ഇന്‍ സൗകര്യം ആരംഭിച്ചാല്‍ യാത്ര ആയാസരഹിതമാക്കാന്‍ കഴിയുമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കേരളത്തിലെ വാണിജ്യ, വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് സിയാല്‍ ചാലകശക്തിയാണെന്ന് എറണാകുളം ജില്ലാ കലക്റ്റര്‍ ജി. പ്രിയങ്ക പറഞ്ഞു. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സിയാലിന് കഴിയുമെന്നും അവര്‍ പറഞ്ഞു. മെഡിക്കല്‍ വിസ ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് പ്രമുഖ റോബോട്ടിക് സര്‍ജന്‍ ഡോ. ദീപക് കൃഷ്ണപ്പ അഭിപ്രായപ്പെട്ടു.

കണക്റ്റിവിറ്റി ശക്തിപ്പെടുത്തണമെന്നും സിയാലില്‍ നിന്നും ചെറിയ എയര്‍ ക്രാഫ്റ്റുകള്‍ സര്‍വീസ് ആരംഭിക്കണമെന്നും എയര്‍ ഏഷ്യ ജനറല്‍ മാനേജര്‍ സുരേഷ് നായര്‍ പറഞ്ഞു.

ബിനാലെ പോലുള്ള സംരംഭങ്ങള്‍ വിജയത്തിലെത്തിക്കാന്‍ സിയാല്‍ നല്‍കുന്ന സംഭാവനകള്‍ വലുതാണെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഹ്രസ്വദൂര ടൂറിസ വികസനത്തിലൂടെ, ആലപ്പുഴ പോലുള്ള സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലി ടാക്‌സി, സീ പ്ലെയ്ന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുമായി (ഫിക്കി) സഹകരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) സംഘടിപ്പിച്ച പ്രഥമ കേരള വ്യോമയാന ദ്വിദിന ഉച്ചകോടി സമാപിച്ചു.