ഇന്നു മുതൽ സി ഹരിദാസ് വീണ്ടും ചാനലുകളിലെ വാർത്തകൾ കണ്ടു തുടങ്ങി .മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം .

എം ആർ അജയൻ
amrajayan@gmail.com

എല്ലാ ദിവസവും ടി വി ചാനലുകളിൽ വാർത്തകൾ കണ്ട് കൊണ്ടിരുന്ന ഒരാൾ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ടി വി കാണുന്നില്ല.എന്താണ് കാരണം ? ആരാണ് ഈ വ്യക്തി.

ഒരുകാലത്ത് കോൺഗ്രസ് രാഷ്‌ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് ഇദ്ദേഹം.ഈ ലേഖകനെ കണ്ടപ്പോൾ രോഷം അടക്കാൻ കഴിയാതെയാണ് അദ്ദേഹം താനിപ്പോൾ ടി വി ചാനലുകൾ കാണുന്നില്ലെന്ന് പറഞ്ഞത്.അദ്ദേഹത്തിന്റെ പേര് സി ഹരിദാസ് എന്നാണ് .എൺപത്തിയഞ്ചിനോട് അടുക്കുന്ന പ്രായം.വെളുത്ത സാധാരണ ഖദർ വേഷം .കറകളഞ്ഞ ഗാന്ധിയനും പാരമ്പര്യവാദിയായ കോൺഗ്രസുകാരനുമാണ് .

പൊന്നാനി ഹയർ സെക്കണ്ടറി സ്‌കൂളിന്റെ മാനേജറാണ് ഈ പ്രായത്തിലും.നിലമ്പൂർ നിയമസഭാ സീറ്റിൽ നിന്നും 1980 ൽ അദ്ദേഹം ജയിച്ച് എംഎൽഎ യായിട്ടുണ്ട്.പത്ത് ദിവസം മാത്രമാണ് എംഎൽഎ പദവിയിലിരിക്കാൻ യോഗം ഉണ്ടായത്.ഏറ്റവും കുറഞ്ഞ കാലം എംഎൽഎയായ വ്യക്തി എന്ന റെക്കാർഡും അദ്ദേഹത്തിനാണ്.

കോൺഗ്രസുകാരനായ ടി കെ ഹംസയെയാണ് അദ്ദേഹം നിയമസഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്.തുടർന്ന് കെപിസിസി എടുത്ത തീരുമാനത്തെ തുടർന്ന് 1980 ലെ നിലമ്പൂർ നിയമസഭ തെരെഞ്ഞെടുപ്പ് എംഎൽഎ സ്ഥാനം അദ്ദേഹം രാജിവെച്ചു.അതിനും ഒരു കാരണമുണ്ട്.

അക്കാലത്ത് അഖിലേന്ത്യ തലത്തിൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് ആന്റണി കോൺഗ്രസ് ഇടത് മുന്നണിയിലായിരുന്നു,പൊന്നാനി ലോകസഭ സീറ്റിൽ ആര്യാടൻ മുഹമ്മദ് പരാജയപ്പെട്ടതിനെ തുടർന്ന് അന്നത്തെ ഇ കെ നായനാർ മന്ത്രിസഭയിൽ മന്ത്രിയാക്കാൻ വേണ്ടി എ കെ ആന്റണിയാണ് സി ഹരിദാസിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്.ഹരിദാസ് രാജിവെച്ച ശേഷം നടന്ന ഉപതെരെഞെടുപ്പിൽ ആര്യാടൻ മത്സരിക്കുകയും ജയിച്ച് മന്ത്രിയാകുകയും ചെയ്‌തു .തുടർന്ന് ഹരിദാസ് രാജ്യസഭ അംഗമായി..അതാണ് ചരിത്രം.ആ വ്യക്തിയാണ് കോൺഗ്രസിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലെനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ വേദനിച്ച് ടി വി ചാനലുകൾ കാണാതെ ഇരിക്കുന്നത്.

എ.കെ ആന്റണി,വയലാർ രവി എന്നിവരോടൊപ്പം എറണാകുളം മഹാരാജാസ്‌ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഹരിദാസ്.അദ്ദേഹം കെ എസ്‌ യു വിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്.കെ എസ് യു വിന്റെ പതാക മഹാരാജാസ്‌ കോളേജ്‌ ഹോസ്റ്റലിൽ ഹരിദാസിന്റെ റൂമിലാണു ഡിസൈൻ ചെയ്തത്‌. മഹാരാജാസ് കോളേചില അദ്ദേഹം ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു . യൂത്ത്‌ കോൺഗ്രസ്സിന്റെ മലപ്പുറം ജില്ലയിലെ ആദ്യ പ്രസിഡന്റ്‌ ആയിരുന്നു. മലപ്പുറം ജില്ലയിലെ ഡി സി സി പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങൾ ചെറുപ്രായത്തിൽ തന്നെ ഹരിദാസ് വഹിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഹരിദാസ് അസ്വസ്ഥനാണ്.അക്കാര്യം ഈ ലേഖകനുമായി അദ്ദേഹം പങ്കിട്ടു.കെപിസിസി രാഹുലിനെ സസ്‌പെന്റ് ചെയ്തതെന്നറിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷത്തിന്റെ പ്രകാശം പരന്നത് .തുടർന്ന് അദ്ദേഹം ഈ ലേഖകനോട് പറഞ്ഞത് “ഇനി ടി വി ചാനലുകൾ കാണാം “. യൂത്ത് കോൺഗ്രസ് നേതാക്കളിൽ ചിലർ ഖദർ ധരിക്കാത്തതിനെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.