മന്ത്രി വീണാ ജോർജിനെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട രണ്ട് സിപിഎം നേതാക്കൾക്കെതിരെ നടപടി.

ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിനെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ പത്തനംതിട്ട ജില്ലയിലെ രണ്ട് സിപിഎം നേതാക്കൾക്കെതിരെ നടപടി.

മന്ത്രിയുടെ മണ്ഡലമായ ആറന്മുളയിലെ ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗം എൻ.രാജീവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ദിവസങ്ങൾക്ക് മുമ്പ് ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം പി.ജെ.ജോൺസണെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തുയെന്നാണ് സൂചന.

ജൂലൈ 4 ന് കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിനു പിന്നാലെ തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേ വീണാ ജോർജിനെ കൊട്ടാരക്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.‘കുട്ടിയായിരിക്കെ ഞാൻ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന് കളവു പറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. അങ്ങനെ പരീക്ഷകളിൽനിന്ന് രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളിൽനിന്നും’ ..ഇതായിരുന്നു ഇരവിപേരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ രാജീവിന്റെ പോസ്റ്റ്.

‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുത്’ ഇങ്ങനെയാണ് എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റ് ആയിരുന്ന ജോൺസൺ സമൂഹമാധ്യമത്തിൽ കുറിച്ചത്.