എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം : തുടർച്ചയായി 12 തവണവയും നരേന്ദ്ര മോഡി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും , ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . 79 ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .തുടർച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തിയത്.

.140 കോടി ജനങ്ങള്‍ രാജ്യത്തിന്റെ വിജയം ആഘോഷിക്കുന്നുവെന്നും സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമാണെന്നും മോദി പറഞ്ഞു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയില്‍ എത്തിയത്

പാകിസ്ഥാന്‍ ആണവായുധം കാട്ടി വിരട്ടേണ്ടതില്ലെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീരജവാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് എന്നും മോദി പറഞ്ഞു. സിന്ധുനദീ ജലക്കരാറില്‍ ഇനി ഒരുപുനരാലോചനയും ഇല്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും മോദി പറഞ്ഞു. മതം ചോദിച്ചാണ് തീവ്രവാദികള്‍ നിഷ്‌കളങ്കരായവരെ കൊലപ്പെടുത്തിയത്. അവരെ പിന്തുണച്ചവര്‍ക്കും തക്കതായ ശിക്ഷ നല്‍കാന്‍ രാജ്യത്തിനായി.

പഹല്‍ഗാമില്‍ ഭീകരവാദികള്‍ ഭാര്യമാരുടെ മുന്നില്‍ വച്ച് ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തി. കുട്ടികളുടെ മുന്നില്‍ അവരുടെ പിതാക്കന്മാരെ കൊലപ്പെടുത്തി. നമ്മുടെ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ചുട്ട മറുപടി നല്‍കി. സൈന്യത്തിനു സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യമാണ് നല്‍കിയതെന്നും പ്രധാനമന്ത്രി.പ്രസംഗത്തില്‍ സ്വാതന്ത്ര്യസമരസേനാനികളെയും ഭരണഘടനാ ശില്‍പികളെയും മോദി അനുസ്മരിച്ചു. മലയാളിയായ ദാക്ഷയണി വേലായുധനെയും പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു.

സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിലും പരിസരത്തുമായി 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു. നഗരത്തിലുടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്.