കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലോടെ യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ഊർജ്ജിത ശ്രമങ്ങൾ പുരോഗമിക്കുന്നു. എ.പിയുടെ ഇടപെടലാണ് ഇപ്പോൾ നിർണായകമായിട്ടുള്ളത്. കാന്തപുരത്തിന്റെ ഇടപെടലിന് ശേഷമുണ്ടായ ചർച്ചകളെല്ലാം അനുകൂലമായാണ് നീങ്ങുന്നതെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികളും പറഞ്ഞു.
പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിനെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ കുടുംബം മാനിക്കുകയാണ് ചെയ്തത്. ഇന്നത്തെ ചർച്ചയിൽ ബ്ലഡ് മണി സ്വീകരിക്കുന്ന കാര്യത്തിലും ഒരു അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
ചൊവ്വാഴ്ച ഇന്ത്യൻ സമയം 12.30-ഓടെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നിർണായക ചർച്ച നടക്കും. യെമനിലെ പ്രമുഖ സൂഫി വര്യൻ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുക്കളുമായി ചർച്ച നടത്തും. തലാലിന്റെ നാടായ ദമാറിലാണ് ചർച്ച നടക്കുന്നത്.
കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം യെമൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലിനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.

കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്‌നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആർക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്.കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്.