രണ്ട് സഹോദരന്മാർ ഒരേ സ്ത്രീയെ വിവാഹം കഴിക്കുന്നു;ഒരു കാലത്ത് കേരളത്തിൽ നടന്ന കൂട്ട് കല്യാണം ഇപ്പോൾ ഹിമാചലിൽ.

ഹിമാചൽ പ്രദേശിൽ രണ്ട് സഹോദരന്മാർ ഒരേ സ്ത്രീയെ വിവാഹം കഴിക്കുന്നു, വധു പറയുന്നു- എനിക്ക് ഒരു പ്രശ്നവുമില്ലെന്ന്.

ഇവരുടെ വിവാഹം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയെന്നത് വാസ്തവമാണ്.ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഷിലായ് ഗ്രാമത്തിലാണ് അടുത്തിടെ ഈ അപൂർവ്വ വിവാഹം നടന്നത്.

ഷിലായ് ഗ്രാമത്തിൽ നിന്നുള്ള പ്രദീപ് നേഗിയുടെയും കപിൽ നേഗിയുടെയും അടുത്തുള്ള കുൻഹത് ഗ്രാമത്തിൽ നിന്നുള്ള സുനിത ചൗവിന്റെയും വിവാഹ ചടങ്ങ് പൂർണ്ണ സമ്മതത്തോടെയും സമൂഹ പങ്കാളിത്തത്തോടെയും പൂർത്തിയാക്കി.

ഒരുകാലത്ത് കേരളത്തിലും ഇത്തരം അപൂർവ വിവാഹങ്ങൾ നടന്നിട്ടുണ്ട്.കൂട്ടു കല്യാണങ്ങൾ എന്നാണ് മലയാളികൾ അതിനെ വിളിച്ചത്.കൂട്ടുകല്യാണങ്ങളെക്കുറിച്ച് മലയാള മനോരമയിൽ ദീർഘകാലം എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബിന്റെ കഥയാട്ടം എന്ന പുസ്തകത്തിൽ കൂട്ടുകല്യാണങ്ങൾ എന്ന ആദ്യത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.ഡി സി ബുക്‌സാണ് പ്രസാധകർ .അദ്ദേഹത്തിന്റെ കഥയാട്ടം എന്ന പുസ്തകത്തിൽ നിന്നും :

“തിരുവിതാംകൂറിലെ ചില നായർ കുടുംബങ്ങളിൽ കൂട്ടു കല്യാണം പതിവായിരുന്നു.പഴയ തെക്കൻ തിരുവിതാംകൂറിലെ ഒരു സമ്പന്ന നായർ കുടുംബത്തിൽ ഒരു സ്ത്രീക്ക് അന്യനാട്ടുകാരനായ അഞ്ചു സഹോദരന്മാർ ഭർത്താക്കന്മാരായി ഉണ്ടായിരുന്നു.”

മഹാഭാരതത്തിൽ പാഞ്ചാലിക്ക് ഭർത്താക്കന്മാർ അഞ്ചു പേർ ആയിരുന്നല്ലോ.ബഹുഭര്തൃത്വം ലോകത്ത് പലേടത്തും നടപ്പുള്ള കാര്യമായിരുന്നുയെന്ന് തോമസ് ജേക്കബ് ഈ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട് .തുടർന്ന് അദ്ദേഹം ഇങ്ങനെ എഴുതുന്നു.

:ബഹുഭര്തൃത്വം ജൂത സമുദായത്തിലും പതിവ് രീതിയായിരുന്നു.ബൈബിളിലെ പുതിയ നിയമത്തിൽ ലൂക്കോസിന്റെ സുവിശേഷം ഇരുപതാം അധ്യായത്തിൽ അങ്ങനെയൊരു കഥ പറയാനുണ്ട്.ഏഴു സഹോദരന്മാരെക്കുറിച്ചാണ് കഥ.അവരിൽ ഒന്നാമൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു .രണ്ടാമനും അയാളുടെ കാലശേഷം മൂന്നാമനും അങ്ങനെ ഏഴു സഹോദരന്മാരും അതെ സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും മക്കളില്ലാതെ തന്നെ മരിക്കുകയും ചെയ്‌തു.ആ ക്ത പറഞ്ഞു ചിലർ യേശുവിനോട് ചോദിച്ചു.

“പുനഃരുദ്ധാനത്തിൽ ആ സ്ത്രീ ആരുടെ ഭാര്യയായിരിക്കും. “

“അവൾ ഏഴു പേരുടെയും ഭാര്യയായിരുന്നല്ലോ “

ഈ അധ്യായത്തിൽ ഭരതന്റെ വെങ്കലം എന്ന സിനിമയും അതിൽ നായകനായി അഭിനയിച്ച മുരളിക്ക് ജീവിതത്തിൽ രണ്ട് അച്ഛന്മാരുണ്ടായിരുന്ന കാര്യവും പറയുന്നുണ്ട്.വെങ്കലം സിനിമയിൽ ചേട്ടനും അനിയനും ഒരു ഭാര്യ മതിയെന്ന് വിധിച്ച അമ്മയാണ് ആ വീട്ടിലെ മറക്കാനാവാത്ത കഥാപാത്രമെന്ന് തോമസ് ജേക്കബ് പറയുന്നു.മുരളിയുടെ ‘അമ്മ ദേവകിയമ്മയെ വിവാഹം ചെയ്‌തത്‌ സഹോദരങ്ങളായ കൃഷ്ണപിള്ളയും അനിയൻ ഗോപാലകൃഷ്ണ പിള്ളയും ചേർന്നാണ് .

വെങ്കലം സിനിമയിൽ ഒരേ പെണ്ണിന് വേണ്ടി ആത്മ സംഘർഷമനുഭവിക്കേണ്ടി വരുന്ന രണ്ട് സഹോദരന്മാരിലൊരാളായി വേഷമിട്ടപ്പോൾ മുരളി അച്ഛന്മാരെ ,അമ്മയെ മനസിലോർത്തിരിക്കും .തീർച്ച എന്ന് പറഞ്ഞാണ് തോമസ് ജേക്കബ്ബ് കൂട്ടു കല്യാണങ്ങൾ എന്ന അധ്യായം അവസാനിപ്പിക്കുന്നത്.

പല പ്രമുഖർക്കും രണ്ട് അച്ഛന്മാരുണ്ടായിരുന്നുയെന്ന് ഈ പുസ്തകത്തിൽ പരാമർശിക്കുന്നു.കടമ്മനിട്ടയുടെ ഭാര്യ ശാന്തമ്മയ്ക്ക് രണ്ട് അച്ഛന്മാർ ഉണ്ടായിരുന്നു.പ്രശസ്‌ത സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്‍ണൻ തന്റെ മാതാവിന് സഹോദരന്മാരായ രണ്ട് ഭർത്താക്കന്മാർ ഉണ്ടായിരുന്നുയെന്നും തോമസ് ജേക്കബ് പറയുന്നുണ്ട്.

അക്കാലത്ത് ഇതൊക്കെ പതിവായിരുന്നു.തിരുവിതാംകൂറിലെ ചില നായർ കുടുംബങ്ങളിൽ കൂട്ടു കല്യാണം പതിവായിരുന്നു.ചില ഈഴവ കുടുംബങ്ങളിലും കൂട്ടുകല്യാണങ്ങൾ നടന്നിട്ടുണ്ട്.

കൂട്ടു കല്യാണം നടത്തുവാൻ ചില കാരണങ്ങൾ ഉണ്ടായിരുന്നതായി തോമസ് ജേക്കബ് പറയുന്നുണ്ട്.നാട്ടുനടപ്പിന് പുറമെ കുടുംബസ്വത്ത് കൈമാറി പോകാതിരിക്കാനുള്ള കുടുംബ തന്ത്രം കൂടിയാണിത്.കാലം മാറിയതോടെ കേരളത്തിൽ കൂട്ടു കല്യാണങ്ങൾ ഇല്ലാതെയായി.നേരത്തെ നടന്ന കൂട്ടു കല്യാണങ്ങളെക്കുറിച്ച് പുറത്തുപറയാൻ മടിയായി .കേരളത്തിലെ കൂട്ടു കല്യാണങ്ങളാണ് ഇപ്പോൾ ഹിമാചൽ പ്രദേശിൽ നടക്കുന്നത്.