അമേരിക്കയിൽ നിന്നും തിരിച്ച് നാട്ടിലെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ അഴിച്ചു പണി നടത്തുമെന്ന് സൂചന. ചികിത്സാർത്ഥമാണ് മുഖ്യമന്ത്രി അമേരിക്കയിലെ മിയോക്ലിനിക്കിൽ പോകുന്നത്. എപ്പോൾ നാട്ടിലേക്ക് മടങ്ങുമെന്ന് അറിയില്ല. മിക്കവാറും രണ്ടാഴ്ചത്തെ ചികിത്സ വേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നത്. ചികിത്സ കഴിഞ്ഞു എത്തിയാലുടനെ മന്ത്രിസഭയിൽ അഴിച്ചു പണി നടത്തുമെന്നാണ് പറയപ്പെടുന്നത്.
നിയമസഭ തെരെഞ്ഞെടുപ്പിനു ഇനി ഒരു വർഷം പോലുമില്ല.അപ്പോഴാണ് പല വിവാദങ്ങളും സംസ്ഥാന സർക്കാരിനെതിരെ വന്നത്.അതോടെ സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേറ്റെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇക്കാര്യം സിപിഎമ്മിലെ നേതാക്കളും രഹസ്യമായി സമ്മതിക്കുന്നുണ്ട്. അവർക്ക് പരിമിതിയുള്ളതുകൊണ്ടാണ് പുറത്ത് പറയാത്തത്. എൽഡിഎഫിലെ ഘടകക്ഷികളും ഇതേ നിലപാടാണ് .ഇങ്ങനെ പോയാൽ വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ വലിയ തിരിച്ചറിയുടവുമെന്നാണ് പല ഇടതുമുന്നണി നേതാക്കളും രഹസ്യമായി ചർച്ച ചെയ്യുന്നത്.
പിണറായിയുടെ രണ്ടാമത്തെ സർക്കാരിൽ മിക്കവാറും മന്ത്രിമാരുടെ പ്രകടനം മോശമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രോഗ്രസ് റിപ്പോർട്ടിൽ പാസ് മാർക്ക് കിട്ടുന്ന മന്ത്രിമാർ പോലും ഇല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അക്കൂട്ടത്തിൽ ഏറ്റവും മോശം പ്രകടനം ആരോഗ്യമന്ത്രി വീണ ജോർജ്, വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി, വനം മന്ത്രി എ .കെ ശശീന്ദ്രൻ എന്നിവരുടെതാണ്.
ആരോഗ്യമന്ത്രി വീണ ജോർജ്, വനം മന്ത്രി എ .കെ ശശീന്ദ്രൻ എന്നിവർ ഇടതു സർക്കാരിനു തലവേദനയാണ്. ഈ രണ്ട് മന്ത്രിമാരെ മാറ്റി പകരം ആരെയെങ്കിലും നിയമിക്കണമെന്നാണ് ചർച്ചകൾ നടക്കുന്നത്. വി.ശിവൻ കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ നിലനിർത്താനാണ് സാധ്യത. അതേസമയം ആരോഗ്യമന്ത്രി വീണ ജോർജ്,വനം മന്ത്രി എ .കെ ശശീന്ദ്രൻ എന്നിവർക്കു പകരം മറ്റ് ആരെയെങ്കിലും മന്ത്രിമാരാക്കിയേക്കും. മന്ത്രി വീണ ജോർജിനെതിരെ സിപിഎം പ്രാദേശിക നേതാക്കൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്‌തു. അങ്ങനെ ചെയ്തവർക്കെതിരെ പാർട്ടി നടപടി ഉണ്ടാവും.
വീണ ജോർജിനെ മാറ്റാൻ മന്ത്രി മുഹമ്മദ് റിയാസ് സമ്മതിക്കില്ല. മന്ത്രി വീണാ ജോർജിനെ പിന്തുണച്ച് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്ത് വരികയും ചെയ്‌തു. ഒപ്പം മന്ത്രിമാരായ സജി ചെറിയാനും വി ശിവൻകുട്ടിയും ഉണ്ട്. ഏൽപ്പിച്ച ഉത്തരവാദിത്തം ആത്മാർത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജ് എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ആരൊക്കെ പിന്തുണച്ചാലും ആരോഗ്യമന്ത്രിയെ മാറ്റാനാണ് സാധ്യത. അല്ലെങ്കിൽ വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി വലിയ തോൽവി ഏറ്റുവാങ്ങും. വനം മന്ത്രി എ .കെ ശശീന്ദ്രൻ എൻസിപിയാണ്. ശശീന്ദ്രനെ മാറ്റിയാൽ പകരം എൻ സി പി യുടെ തോമസ് കെ തോമസ് മന്ത്രിയാവും. അങ്ങനെ പിണറായി സർക്കാരിന്റെ അവസാന കാലത്ത് ക്രൈസ്തവ വിഭാഗത്തിൽ നിന്നും ഒരു മന്ത്രി കൂടിയുണ്ടാവും.