രണ്ടര കോടിയുടെ ആഭരണങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ട വ്യാപാരിക്ക് തുണയായി ദുബൈ പൊലീസ്.

വിമാനത്താവളത്തിൽ ആഭരണങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ട വ്യാപാരിക്ക് തുണയായി ദുബൈ പൊലീസ്. ഏകദേശം 11 ലക്ഷം ദിർഹം (2.5 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായത്. ബംഗ്ലാദേശ് സ്വദേശിയായ ഒരാൾ ഈ ബാഗ് മാറി എടുക്കുക ആയിരുന്നു. തുടർന്ന് ദുബൈ പൊലീസ് സമയോചിതമായി ഇടപെട്ട് ബാഗ് ഉടമയ്ക്ക് തിരികെ നൽകി.

ദുബൈയിലെ ഒരു ആഭരണ വ്യാപാരിയായ ഇയാൾ മറ്റൊരു രാജ്യത്ത് നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കാനാണ് എയർപോർട്ടിൽ എത്തിയത്. വിലപിടിപ്പുള്ള വജ്രാഭരണങ്ങൾ അടങ്ങിയ നാല് ബാഗുകൾ ആയിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. പരിശോധനകൾ പൂർത്തിയാക്കി ബാഗുകളുമായി വ്യപാരി പ്രദർശനം നടക്കുന്ന രാജ്യത്തേക്ക് പോവുകയും ചെയ്തു. എന്നാൽ അവിടെ എത്തിയപ്പോഴാണ് അതിൽ ഒരു ബാഗ് മാറി പോയ വിവരം വ്യാപാരിക്ക് മനസിലായത്. അയാൾ ഉടൻ തന്നെ ദുബൈയിൽ തിരിച്ചെത്തുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു.

എയർപോർട്ടിലെ ക്യാമറ ദൃശ്യങ്ങളിൽ ഈ പെട്ടി ഒരു ബംഗ്ലാദേശ് സ്വദേശി മാറി എടുത്തു കൊണ്ട് പോകുന്നത് കണ്ടെത്തി. തുടർന്ന് വ്യാപാരി മറ്റൊരു വിമാനത്തിൽ ബംഗ്ലാദേശിലേക്ക് യാത്ര തിരിച്ചു. ഈ സമയത്ത് ദുബൈ പൊലീസ് ബംഗ്ലാദേശ് അധികൃതർക്ക് വിവരം കൈമാറിയിരുന്നു. തുടർന്ന് അധികൃതർ ബാഗ് മാറിയെടുത്ത ആളെ കണ്ടെത്തുകയും നഷ്ടപ്പെട്ട് പോയ ബാഗ് ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു. ദുബൈ പൊലീസിന്റെ കൃത്യമായ ഇടപെടലിന് വ്യാപാരി നന്ദി പറഞ്ഞു.